റോബിൻ ഉത്തപ്പക്ക് ആശ്വാസം; പി.എഫ് തട്ടിപ്പ് കേസിൽ അറസ്റ്റ് വാറന്‍റ് സ്റ്റേ ചെയ്തു
text_fieldsബംഗളൂരു: പി.എഫ് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്ക് താൽക്കാലിക ആശ്വാസം. അറസ്റ്റ് വാറന്‍റ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ അവധി ബെഞ്ചാണ് അറസ്റ്റ് വാറന്‍റ് സ്റ്റേ ചെയ്തത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ പി.എഫ് തട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് പ്രോവിഡന്‍റ് ഫണ്ട് മേഖലാ കമീഷണർ എസ്. ഗോപാൽ റെഡ്ഡി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. തട്ടിപ്പ് നടന്നതായി പറയുന്ന കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ലെന്നായിരുന്നു താരത്തിന്‍റെ വാദം.
കേസിൽ തനിക്കെതിരെ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകളും അറസ്റ്റ് വാറന്‍റും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തപ്പ കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽനിന്നു 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു താരത്തിന് എതിരെയുള്ള ആരോപണം. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് ആരോപണം ഉയർന്നത്.
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പി.എഫ് പണം നൽകാതെ വഞ്ചിച്ചതായും പരാതിയുണ്ട്. ഡിസംബർ നാലിനാണ് മേഖല കമീഷണർ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ് നടപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയത്.
ഇന്ത്യക്കായി ഉത്തപ്പ 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയിരുന്നു. 2007ലെ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.