ശുഭ്മൻ ഗില്ലും കിഷനുമല്ല; രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ സഞ്ജു സാംസൺ കളിക്കട്ടെയെന്ന് മുൻ ചീഫ് സെലക്ടർ
text_fieldsപര്യടനത്തിന്‍റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റീൻഡീസിലാണ്. രണ്ടു ടെസ്റ്റും മൂന്നു ഏകദിനങ്ങളും അഞ്ചു ട്വന്‍റി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ വീൻഡീസ് പര്യടനം.
ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. ജൂലൈ 27, 29, ആഗസ്റ്റ് ഒന്ന് തീയതികളിലാണ് ഏകദിനം. രാജ്യം വേദിയാകുന്ന ലോകകപ്പ് പോരാട്ടത്തിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന്, അതുകൊണ്ടുതന്നെ ഏറെ സുപ്രധാനമാണ് ഈ മത്സരങ്ങൾ. ടീമിൽ ഉൾപ്പെടുത്തിയ യുവ താരങ്ങളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുക. ഇടവേളക്കുശേഷമാണ് ഋതുരാജ് ഗെയ്ക് വാദ്, സാംസൺ, മുകേഷ് കുമാർ എന്നീ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്.
കെ.എൽ. രാഹുൽ, ശ്രേയസ്സ് അയ്യർ, ഋഷഭ് പന്ത്, ജംസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് ടീമിൽ ഇത്തവണ കൂടുതൽ അവസരം ലഭിക്കും. മികച്ച പ്രകടനം പുറത്തെടുക്കാനായാൽ അത് ലോകകപ്പ് ടീമിലേക്കുള്ള വാതിലുകൾ തുറക്കും. ആറു മാസത്തെ ഇടവേളക്കുശേഷമാണ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു ടീമിലെത്തുന്നത്. എന്നാൽ, പരമ്പരയിൽ സഞ്ജു കളിക്കുമോ? മധ്യനിരയിലാണോ താരത്തെ കളിപ്പിക്കുക? അതോ ഫിനിഷർ റോളിൽ താരം കളത്തിലറങ്ങുമോ?...ഇത്തരം ചോദ്യങ്ങൾക്കിടെയാണ് മുൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
സൂര്യകുമാർ യാദവിന്‍റെ സാന്നിധ്യത്തിൽ സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. പകരം സഞ്ജുവിന് പുതിയ ബാറ്റിങ് പൊസിഷൻ നിർദേശിച്ചിരിക്കുകയാണ്. ടോപ് ഓർഡർ ബാറ്റർ എന്ന നിലയിൽ നായകൻ രോഹിത് ശർമക്കൊപ്പം ഓപ്പണറായി സഞ്ജു കളിക്കട്ടെയെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
‘സൂര്യ ഇപ്പോൾ തന്നെ അവിടെയുണ്ട്, സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ ഒരു മത്സരമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു ഒരു ടോപ് ഓർഡർ ബാറ്ററും സൂര്യ മിഡിൽ ഓർഡർ ബാറ്ററും. രോഹിത് ശർമക്കൊപ്പം സഞ്ജു സാംസൺ ഓപ്പൺ ചെയ്യുന്നത് കാണാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല. അതിനാൽ സഞ്ജുവും സൂര്യയും തമ്മിൽ എന്തെങ്കിലും മത്സരമുണ്ടെന്ന് ഞാൻ കരുതുന്നില്ല, മത്സരം സഞ്ജുവും ഒരു വിക്കറ്റ് കീപ്പർ ബാറ്ററും തമ്മിലായിരിക്കും’ -പ്രസാദ് പറഞ്ഞു.
എന്നാൽ, ടീമിൽ ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക് വാദ് എന്നീ താരങ്ങളുള്ളപ്പോൾ ഓപ്പണിങ് ബാറ്ററായി സഞ്ജു എത്താനുള്ള സാധ്യത വളരെ വിരളമാണ്. കഴിഞ്ഞവർഷം ന്യൂഡിലൻഡിനെതിരെ ഈഡൻ പാർക്കിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി അവസാനമായി ഏകദിനം കളിച്ചത്. 11 ഏകദിനങ്ങളാണ് ഇതുവരെ താരം കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.