പി.എഫ് തട്ടിപ്പുകേസ്: റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്‍റ്
text_fieldsബംഗളൂരു: പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര കമ്പയിലെ ജീവനക്കാരുടെ പി.എഫ് വിഹിതത്തിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. ഡിസംബർ 27നകം കുടിശ്ശികയായ 24 ലക്ഷം രൂപ അടച്ചില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരും.
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്‍റോറസ് ലൈഫ്സ്റ്റൈൽ ബ്രാൻഡിന്‍റെ ഡയറക്ടറാണ് ഉത്തപ്പ. കമ്പനി പി.എഫ് വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ഇതിന്‍റെ ഉത്തരവാദിത്തം ഉത്തപ്പയിൽ വന്നുചേരുകയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് നിശ്ചിത തുക പിടിച്ചെങ്കിലും ഇത് പി.എഫ് അക്കൗണ്ടിൽ എത്താതിരുന്നതാണ് കേസിനാധാരം.
പാവപ്പെട്ട തൊഴിലാളികളുടെ അക്കൗണ്ട് സെറ്റിൽ ചെയ്യാൻ കഴിഞ്ഞില്ലെന്നും ഡിസംബർ 27നകം ഇത് നൽകാൻ തയാറായില്ലെങ്കിൽ ഉത്തപ്പയെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും റീജണൽ പി.എഫ് കമീഷണർ പുറപ്പെടുവിച്ച വാറന്‍റിൽ നിർദേശിക്കുന്നു. ഇന്ത്യക്കായി 59 മത്സരങ്ങളിൽ പാഡണിഞ്ഞ ഉത്തപ്പ ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.