രാജ്യമാണ് ഒന്നാമത്; ജസ്പ്രീത് ബുംറ ഐ.പി.എൽ കളിച്ചില്ലെങ്കിൽ ലോകം അവസാനിക്കില്ലെന്നും മുൻ ഇന്ത്യൻ താരം
text_fieldsഇന്ത്യൻ പേസ് ബൗളിങ്ങിന്‍റെ കുന്തമുനയായ ജസ്പ്രീത് ബുംറ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിനു പുറത്താണ്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ബാക്കിയുള്ള രണ്ടു ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലും ബുംറയെ ഉൾപ്പെടുത്തിയിട്ടില്ല. താരം പൂർണമായി പുറംഭാഗത്തെ പരിക്കിൽനിന്ന് മുക്തനായിട്ടില്ലെന്ന് തന്നെയാണ് ഇത് നൽകുന്ന സൂചന.
എന്നാൽ, ഇന്ത്യൻ നായകൻ രോഹിത് ശർമ ബുംറ ടെസ്റ്റ് ടീമിൽ തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസം പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ബുംറക്ക് നഷ്ടമാകും. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് (എൻ.സി.എ) ബുംറക്ക് ഇതുവരെ കളിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. ആവശ്യമെങ്കിൽ ഇന്ത്യന്‍ പ്രീമിയർ ലീഗിലെ ഏതാനും മത്സരങ്ങൾ ബുംറയെ കളിപ്പിക്കാതിരിക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.
‘ബുംറക്ക് എൻ.സി.എയിൽനിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ആസ്ട്രേലിയക്കെതിരെ ബാക്കിയുള്ള ടെസ്റ്റ് മത്സരവും, ഏകദിനവും കളിക്കില്ല. ടെസ്റ്റ് മത്സരം കളിച്ചിരുന്നെങ്കിൽ, അവൻ എന്തു ചെയ്യുമായിരുന്നു? ഒരു സാഹചര്യത്തിലും ഞാൻ അവനെ ഇവിടെ കളിപ്പിക്കില്ല. അദ്ദേഹം ഒരു ദേശീയ സ്വത്തായതിനാൽ വിശ്രമിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും, ബുംറ വളരെ ശ്രദ്ധാലുവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഫിറ്റാണെങ്കിൽ, ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിങ്ങളുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ -ചോപ്ര അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഈ വർഷം ഇന്ത്യക്കായി ഏകദിന ലോകകപ്പ് അടക്കം കളിക്കേണ്ടതിനാൽ ഐ.പി.എല്ലിലെ കുറച്ചു മത്സരങ്ങൾ ബുംറ കളിക്കാതിരിക്കണമെങ്കിൽ ബി.സി.സി.ഐ അക്കാര്യം ആവശ്യപ്പെടണം. ബുംറക്ക് പരിക്കുണ്ടെങ്കില്‍ താരത്തെ വിട്ടുനൽകില്ലെന്ന് ബി.സി.സി.ഐ മുംബൈ ഇന്ത്യൻസിനോടു പറയണം. ജോഫ്ര ആർച്ചർക്കൊപ്പം മുംബൈയിൽ ഏഴു മത്സരം കളിച്ചില്ലെങ്കിലും ലോകം ഒന്നും അവസാനിക്കില്ല. രാജ്യത്തിനാണ് ഒന്നാമത്തെ പരിഗണന നൽകേണ്ടത് -അത് മുംബൈ ഇന്ത്യൻസായാലും ചെന്നൈ സൂപ്പർ കിങ്സായാലുമെന്നും ചോപ്ര വ്യക്തമാക്കി.
ജൂൺ ഏഴു മുതൽ 11 വരെ ലണ്ടനിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും താരം കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റതിനെ തുടർന്ന് 2022 സെപ്റ്റംബറിനു ശേഷം താരം ഇന്ത്യൻ ടീമിനു പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.