‘സഞ്ജുവിന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചു’; താരത്തെ കളിപ്പിക്കാത്തതിൽ വസിം ജാഫർ
text_fieldsവെസ്റ്റിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. സഞ്ജുവിനെ കളിപ്പിക്കും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ആരാധകർ.
സമൂഹമാധ്യമങ്ങളിലാണ് അവർ ഇതിന്‍റെ രോഷം പ്രകടിപ്പിച്ചത്. പലരും ടീം സെലക്ഷനെയും മാനേജ്മെന്‍റിനെയും വിമർശിച്ചും പരിഹസിച്ചും രംഗത്തുവന്നു. സഞ്ജുവിന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ പ്രതികരിച്ചു.
‘അവർ ഇഷാൻ കിഷനെ ഒരു ബാക്കപ്പ് ഓപ്പണറായും ബാക്കപ്പ് കീപ്പറായുമാണ് പരിഗണിക്കുക എന്നാണ് ഞാൻ കരുതിയത്, അങ്ങനെ സഞ്ജു മധ്യനിരയിൽ ബാറ്റ് ചെയ്യും. സഞ്ജുവിന് അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു, അതുകൊണ്ടുതന്നെ ആശ്ചര്യകരമാണ്’ - ജാഫർ ഇ.എസ്.പി.എൻ ക്രിക് ഇൻഫോയോട് പറഞ്ഞു.
‘ആരാണ് ആ മൂന്നാം ഓപ്പണർ? ഒരുപക്ഷേ ഋതുരാജ് ഗെയ്‌ക്‌വാദായിരിക്കാം. ആരാണെന്ന് എനിക്കറിയില്ല, കാരണം ഋതുരാജിനെ ഏഷ്യൻ ഗെയിംസ് ടീമിലേക്ക് തെരഞ്ഞെടുത്തു. വീണ്ടും പറയുന്നു, ആ മൂന്നാം ഓപ്പണർ ആരാണെന്ന് എനിക്കറിയില്ല’ -ജാഫർ കൂട്ടിച്ചേർത്തു. ഗെയ്‌ക്‌വാദാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.
ആദ്യ ഏകദിനത്തിൽ പ്ലെയിങ് ഇലവനിൽ ഓൾ റൗണ്ടർ അക്സർ പട്ടേലിനെ കളിപ്പിക്കാതിരുന്നതിനെയും മുൻ താരം വിമർശിച്ചു. 11 ഏകദിനങ്ങളിൽനിന്ന് 66 റൺസ് ശരാശരിയുള്ള സഞ്ജുവിനെ മാറ്റി നിർത്തിയതിനെതിരെ പല താരങ്ങളും രംഗത്തുവന്നിരുന്നു. സൂര്യകുമാറിനെ ടീമിൽ ഉൾപ്പെടുത്താനാണ് സഞ്ജുവിന്‍റെ തഴഞ്ഞതെന്നും വിമർശനമുണ്ട്. ഒന്നാം ഏകദിനത്തിൽ 25 പന്തുകൾ നേരിട്ട സൂര്യ 19 റൺസെടുത്തു പുറത്തായി.
അതേസമയം, ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി. 46 പന്തുകളിൽനിന്ന് 52 റണ്‍സെടുത്താണ് താരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.