‘ഐ.പി.എല്ലിന് രണ്ടുമാസം മുമ്പാണ് നിങ്ങൾക്ക് പരിക്കേറ്റത്’; ഹാർദിക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം
text_fieldsമുംബൈ: ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് ഇന്ത്യൻ ടീമിന് പുറത്തായ ഹാർദിക് പാണ്ഡ്യ ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് വീണ്ടും മടങ്ങിയെത്തും. പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം നായകനായാണ് താരം കളിക്കാനിറങ്ങുന്നത്.
കഴിഞ്ഞദിവസം താരം മുംബൈ ടീമിനൊപ്പം ചേർന്നിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യയെ കോടികൾ നൽകിയാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്. രോഹിത് ശർമയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റിയത് വലിയ വിമർശനത്തിടയാക്കിയിരുന്നു. മുംബൈ ഇന്ത്യൻസിലാണ് ഹാർദിക് ഐ.പി.എൽ കരിയർ തുടങ്ങിയത്.
കഴിഞ്ഞവർഷം നവംബറിൽ ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് താരത്തിന് കണങ്കാലിന് പരിക്കേൽക്കുന്നത്. ചികിത്സക്കു പിന്നാലെ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഫെബ്രുവരിയിൽ താരത്തിന് എൻ.സി.എ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. എന്നിട്ടും താരം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനിറങ്ങിയിരുന്നില്ല. ബറോഡക്കായി രഞ്ജി കളിക്കാതെ ഐ.പി.എല്ലിനായി തയാറെടുക്കുന്ന ഹാർദിക്കിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാസങ്ങളുടെ ഇടവേളക്കുശേഷം നേരിട്ട് ഐ.പി.എല്ലിലാണ് താരം കളിക്കാനിറങ്ങുന്നത്.
താരത്തിന്‍റെ ഈ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുന്ന മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാറിന്‍റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐ.പി.എല്ലിന് കൂടുതൽ പ്രധാന്യം നൽകുന്ന താരത്തിന്‍റെ നിലപാടിനെയാണ് പ്രവീൺ വിമർശിക്കുന്നത്. ‘ഐ.പി.എല്ലിന് രണ്ട് മാസം മുമ്പാണ് നിങ്ങൾക്ക് പരിക്കേറ്റത്. നിങ്ങൾ ഇതിനിടെ ആഭ്യന്തര ക്രിക്കറ്റിലോ രാജ്യത്തിനു വേണ്ടിയോ കളിച്ചില്ല, നേരിട്ട് ഐ.പി.എൽ കളിക്കുകയാണ്. ഐ.പി.എല്ലിൽ പണം സമ്പാദിക്കുന്നതിൽ തെറ്റൊന്നുമില്ല, ആർക്കും തടയാനാവില്ല. അതോടൊപ്പം സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി കളിക്കണം. ഇന്നത്തെ കാലത്ത് കളിക്കാർ ഐ.പി.എല്ലിന് പ്രാധാന്യം നൽകുന്നു’ -സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ പ്രവീൺ കുമാർ പറഞ്ഞു
ഈമാസം 22നാണ് ഐ.പി.എൽ മത്സരങ്ങൾക്കു തുടക്കമാകുന്നത്. ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.