ഭാരത് രത്നയായ സചിൻ ചൂതാട്ട ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നു; സൂപ്പർതാരത്തിനെതിരെ മുൻ മഹാരാഷ്ട്ര മന്ത്രി
text_fieldsചൂതാട്ട ഗെയിം ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറെ രൂക്ഷമായി വിമർശിച്ച് മുൻ മഹാരാഷ്ട്ര മന്ത്രി. ഒരു ഭാരത രത്‌ന സ്വീകർത്താവ് എന്ന നിലയിൽ, 50കാരനായ സചിൻ അത്തരം ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിലവിൽ സ്വതന്ത്ര എം.എൽ.എ കൂടിയായ ബച്ചു കാഡു ആവശ്യപ്പെട്ടു.
പേടിഎമ്മിന്‍റെ ഫസ്റ്റ് ഗെയിംസ് ആപ്പിന്‍റെ ബ്രാൻഡ് അംബാസഡറാണ് സചിൻ. എം.പി.എൽ ആപ്പ്, ഡ്രീം11 ആപ്പ്, വിൻസോ ആപ്പുകളെ പോലെ തന്നെ ഒരു ഫാന്‍റസി ഗെയിം ആപ്പാണ് പേടിഎം ഫസ്റ്റ് ഗെയിമും. ഇത്തരത്തിലുള്ള ചൂതാട്ട ആപ്പുകൾ നിരോധിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും ബച്ചു കാഡു ട്വിറ്ററിൽ കുറിച്ചു. ‘സചിൻ തെണ്ടുൽക്കർ ഭാരത രത്‌നയാണ്. നിരവധി ആരാധകരുള്ള, രാജ്യം ഭാരത രത്‌ന നൽകി ആദരിച്ച ഒരാൾ പേടിഎം ഫസ്റ്റ് (Paytm First) പോലുള്ള ചൂതാട്ട ആപ്പിന്‍റെ പരസ്യത്തിലെത്തുന്നത് ഉചിതമല്ല. ഈ പരസ്യം ഉടൻ നിരോധിക്കണമെന്ന് മഹാരാഷ്ട്ര സർക്കാറിനോടും സചിനോടും അഭ്യർഥിക്കുന്നു’ -ബച്ചു ട്വീറ്റ് ചെയ്തു.
2019 മുതൽ 2022 വരെ ഉദ്ധവ് താക്കറെ സർക്കാറിൽ ജലവിഭവ മന്ത്രിയായിയിരുന്നു ബച്ചു കാഡു. നിലവിൽ അചൽപുർ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര എം.എൽ.എയാണ്. നിരവധി യുവാക്കളെ കടക്കെണിയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും നയിക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ തന്നെ ഇത്തരം ഗെയിമിങ് ആപ്പുകള്‍ ഉണ്ടെങ്കിലും കോവിഡ് കാലത്താണ് ഉപയോഗം കൂടിയത്. സമൂഹ മാധ്യമങ്ങളില്‍ ആകര്‍ഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികള്‍ നല്‍കുന്നത്. ലക്ഷങ്ങളാണ് ഇത്തരം ആപ്പുകൾ യുവാക്കളിൽനിന്ന് തട്ടിയെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.