'വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം'; രോഹിത് ശർമയെ വിമർശിച്ച് മുൻ പാക് താരം
text_fieldsട്വന്‍റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി വഴങ്ങി ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ ടീമിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ടീമിന്‍റെ പ്രകടനത്തിലും തെരഞ്ഞെടുപ്പിലും മുൻ താരങ്ങൾ ഉൾപ്പെടെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. ലോകകപ്പിൽ നായകൻ രോഹിത് ശർമയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആറു മത്സരങ്ങളിൽനിന്നായി 116 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഇതിനിടെ രോഹിത്തിന്‍റെ ഫിറ്റ്നസ് ചോദ്യം ചെയ്ത് മുൻ പാകിസ്താൻ താരം സൽമാൻ ബട്ട് രംഗത്തെത്തി. ടീമിലെ സഹതാരങ്ങൾക്ക് മികച്ച മാതൃക കാണിക്കാൻ രോഹിത് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബട്ട് പറഞ്ഞു.
'രോഹിത് ശർമയേക്കാൾ മികച്ചൊരു താരമില്ല. പക്ഷേ, ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. നിങ്ങൾ ടീമിനെ നിയന്ത്രിക്കുകയും അവരിൽ നിന്ന് 100 ശതമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, നിങ്ങൾ മന്ദഗതിയിലാണ്, കളിക്കാർ രഹസ്യമായി നിങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പരാതിപ്പെടുകയും ചെയ്യും. നിങ്ങൾ ഉയർന്ന ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്താകുന്നു, ഗ്രൗണ്ട് സ്ട്രോക്കുകൾ കളിക്കാനും അപകടകരമായ ഷോട്ടുകൾ കളിക്കാതിരിക്കാനും മറ്റുള്ളവരെ ഉപദേശിക്കുന്നു. വാക്കുകളിൽ കാര്യമില്ല, പ്രവൃത്തികളിലൂടെ നിങ്ങൾ കാണിക്കണം' -സൽമാൻ ബട്ട് പറഞ്ഞു.
ഫിറ്റ്നസാണ് ഇന്ത്യൻ ടീമിനെ വലക്കുന്നത്. വരുന്ന യുവതാരങ്ങൾ മികച്ച ക്രിക്കറ്റ് താരങ്ങളാണെങ്കിലും അവർക്ക് മികച്ച ഫിറ്റ്നസില്ല. മറുവശത്ത്, ഇംഗ്ലണ്ട് കളിക്കാരെ നോക്കൂ, അവർ സൂപ്പർ ഫിറ്റാണ്. അവർ സിക്‌സുകൾ അടിക്കുക മാത്രമല്ല, വിക്കറ്റുകൾക്കിടയിൽ വേഗത്തിൽ ഓടുകയും ചെയ്യുന്നു. അവരുടെ ഫീൽഡിങ് നോക്കൂ, നിങ്ങൾക്ക് വ്യത്യാസം കാണനാകുമെന്നും സൽമാൻ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.