‘നിരക്ഷരരായ ജനങ്ങളെ, എന്താണ് നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്’; ഇന്ത്യയുടെ ടെസ്റ്റ് ജയത്തിനു പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് മുൻതാരം
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചതിന്‍റെ തിളക്കത്തിലാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തിയത്. എന്നാൽ, ആ ഹീറോയിക് പ്രകടനം നജ്മുൽ ഹുസൈൻ ഷാന്‍റോക്കും സംഘത്തിനും ഇന്ത്യയിൽ ആവർത്തിക്കാനായില്ല.
ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയും സംഘവും 280 റൺസിന്‍റെ കൂറ്റൻ വിജയമാണ് നേടിയത്. പാകിസ്താനെതിരെ ആദ്യമായാണ് ഒരു ടെസ്റ്റ് ജയവും പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കുന്നത്. ഇന്ത്യക്കെതിരെയും ആദ്യ ടെസ്റ്റ് ജയം എന്ന ചരിത്രനേട്ടം സ്വപ്നം കണ്ട ബംഗ്ലാദേശിന് ഇന്ത്യയുടെ ഓൾ റൗണ്ട് പ്രകടനത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പരമ്പരയിൽ രണ്ടു മത്സരങ്ങളാണുള്ളത്.
ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ജയത്തിനു പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ (പി.സി.ബി) രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ താരം ബാസിത് അലി. പാകിസ്താനിൽ ടെസ്റ്റ് മത്സരങ്ങൾക്കായി ഒരുക്കുന്ന പിച്ചുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമർശനം. ഇന്ത്യ പ്ലെയിങ് ഇലവനിൽ രണ്ടു സ്പിന്നർമാരെ കളിപ്പിച്ചെന്നു പറഞ്ഞ ബാസിത് അലി, വരുന്ന തലമുറക്ക് പി.സി.ബി എന്ത് പാഠമാണ് പകർന്നു നൽകുന്നതെന്നും ചോദിക്കുന്നു.
‘ജസ്പ്രീത് ബുംറ മത്സരത്തിൽ അഞ്ചു വിക്കറ്റുനേടി. ആശ്വിൻ ആറും ജദേജ അഞ്ചും വിക്കറ്റുകളെടുത്തു, സിറാജ് രണ്ടെണ്ണവും ആകാശ് ദീപ് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. ഇങ്ങനെ മൊത്തം 20 വിക്കറ്റുകൾ. പിച്ച് സ്പിന്നിനെ പിന്തുണക്കുമെന്ന് മനസ്സിലാക്കി ഇന്ത്യ രണ്ടു സ്പെഷലിസ്റ്റ് സ്പിന്നർമാരെ കളിപ്പിച്ചു, അത് സംഭവിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ എല്ലാ ക്രെഡിറ്റും പിച്ച് ക്യൂറേറ്റർമാർക്കാണ്, ടെസ്റ്റ് മാച്ചിനുള്ള പിച്ചുകൾ എങ്ങനെ ഒരുക്കാമെന്ന് അവർക്കറിയാം. നമ്മളെപ്പോലെയല്ല... ഞാൻ അതിനെ കുറിച്ച് പറയുന്നില്ല, പക്ഷേ നല്ല ദേഷ്യമുണ്ട്’ -ബാസിത് അലി തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇവിടെ പിച്ചിന് വലിയ പരിഗണന കൊടുക്കുന്നില്ല. ഇക്കാര്യത്തിൽ നിരക്ഷരരാണവർ. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച പരിചയമുള്ള പലരും ബോർഡിലുണ്ടായിട്ടാണിത്. ഇതാണ് എനിക്ക് ദേഷ്യം വരാൻ കാരണം. നിങ്ങൾ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്. പിച്ചിനെ നന്നായി മനസ്സിലാക്കാനായാൽ 50 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈമാസം 27ന് കൺപൂരിലാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം.
2012നുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. എന്നാൽ, നാട്ടിൽ നടന്ന അവസാന പത്ത് ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിൽ പോലും പാകിസ്താന് ജയിക്കാനായിട്ടില്ല. 2021 ഫെബ്രുവരിയിലാണ് പാകിസ്താൻ നാട്ടിൽ ഒരു ടെസ്റ്റ് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.