ഇഷാൻ കിഷനോ, സഞ്ജുവോ അല്ല! പന്തിന്‍റെ പകരക്കാരനായി 29കാരനെ നിർദേശിച്ച് മുൻ ആർ.സി.ബി സ്റ്റാർ
text_fieldsഋഷഭ് പന്ത് പരിക്കേറ്റ് പുറത്തിരിക്കുന്നതിനാൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള മത്സരം കടുത്തിരിക്കുകയാണ്. ആറു മാസം കൂടി പന്ത് പുറത്തിരിക്കുന്നതിനാൽ ഏകദിന ലോകകപ്പ് ഉൾപ്പെടെ താരത്തിന് നഷ്ടമാകും. പന്തിന്‍റെ അഭാവത്തിൽ ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കെ.എസ്. ഭരതാണ് വിക്കറ്റ് കീപ്പറായത്. താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു അത്.
ട്വന്‍റി20യിൽ ഇഷാൻ കിഷനും ഏകദിനത്തിൽ കെ.എൽ. രാഹുലുമാണ് ഏതാനും മാസങ്ങളായി വിക്കറ്റ് കീപ്പറാകുന്നത്. കിഷന്‍റെ ഫോമില്ലായ്മയും രാഹുലിന് പരിക്കേറ്റതും കാരണം വരാനിരിക്കുന്ന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സെലക്ടർമാർ. മുൻ ബംഗാൾ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം ശ്രീവാസ്തവ ഗോസ്വാമി ഒരു പരിഹാര നിർദേശം മുന്നോട്ടുവെച്ചിരിക്കുകയാണ്.
ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്‍റെ വിക്കറ്റ് കീപ്പർ-ബാറ്റർ ജീതേഷ് ശർമയെ ഇന്ത്യൻ ട്വന്‍റി20, ഏകദിന ടീമുകളിലേക്ക് പരിഗണിക്കണമെന്നാണ് ഗോസ്വാമിയുടെ നിലപാട്. ഐ.പി.എൽ സീസണിൽ മിന്നും ഫോമിലുള്ള താരം കഴിഞ്ഞ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ഐ.പി.എല്ലിൽ 10 മത്സരങ്ങളിൽ ഇതുവരെ വിദർഭ താരം അടിച്ചെടുത്തത് 239 റൺസാണ്.
പഞ്ചാബിനായി ഫിനിഷിങ് റോളിലെത്തി വെടിക്കെട്ട് പ്രകടനം നടത്തുന്ന ജിതേഷിന്, കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ മത്സരത്തിൽ കൂടുതൽ പന്തുകൾ കളിക്കാൻ സമയം കിട്ടിയിരുന്നു. മത്സരത്തിൽ 27 പന്തിൽ 49 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടർന്ന് ജനുവരിയിൽ ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരകളിൽ പകരക്കാരനായി ജിതേഷ് ശർമയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കളത്തിലിറങ്ങാനായില്ല.
കിഷൻ, സഞ്ജു എന്നിവരേക്കാൾ പന്തിന് പറ്റിയ പകരക്കാരൻ ജിതേഷാണെന്ന് ഗോസ്വാമി പറയുന്നു. ‘ഏകദിന ലോകകപ്പിനു മുമ്പായി പന്തിന് തിരിച്ചെത്താനായില്ലെങ്കിൽ എത്രയും വേഗം ജിതേഷിനെ ടീമിൽ ഉൾപ്പെടുത്തുക’ -ഗോസ്വാമി പറഞ്ഞു. ഐ.പി.എല്ലിന്‍റെ ഉദ്ഘാടന സീസണിൽ ആർ.സി.ബി താരമായിരുന്ന ഗോസ്വാമി, 2020ൽ സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടിയാണ് അവസാനമായി ഐ.പി.എൽ കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.