രോഹിത് വേണ്ട! ടെസ്റ്റ് ടീമിനെ ഈ വെറ്ററൻ താരങ്ങളിലൊരാൾ നയിക്കട്ടെ; നിർദേശവുമായി മുൻ സെലക്ടർ
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ രോഹിത് ശർമയുടെ ടെസ്റ്റ് നായക പദവി വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഒരു ഐ.സി.സി ലോക കിരീടത്തിനുള്ള ഇന്ത്യയുടെ പത്തു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സുവർണാവസരമായിരുന്നു ടെസ്റ്റ് ഫൈനൽ. കൂടാതെ, ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഐ.സി.സി കിരീടം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരവും.
ഇതെല്ലാം നഷ്ടപ്പെടുത്തിയാണ് രോഹിത്തും കൂട്ടരും ഓസീസിനു മുന്നിൽ ദയനീയമായി കീഴടങ്ങിയത്. രോഹിത്തിനെ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് മാറ്റണമെന്ന മുറവിളി ഇതോടെ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് രോഹിത്തിനു പകരക്കാരനായി ടെസ്റ്റ് ടീം നായക പദവയിലേക്ക് രണ്ടു വെറ്ററൻ താരങ്ങളിൽ ഒരാളെ പരിഗണിക്കണമെന്ന നിർദേശവുമായി മുൻ ദേശീയ സെലക്ടറും ഇന്ത്യൻ ബാറ്ററുമായ ദെവാങ് ഗാന്ധി രംഗത്തെത്തിയത്.
രവിചന്ദ്രൻ അശ്വിൻ, അജിങ്ക്യ രഹാനെ എന്നിവരുടെ പേരുകളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നായക പദവിയിൽ ആദ്യം പരിഗണിക്കേണ്ടത് തീർച്ചയായും അശ്വിനായിരിക്കണമെന്നും ദെവാങ് ഗാന്ധി വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അശ്വിൻ വിദേശത്ത് കളിക്കുമെന്ന് ഉറപ്പില്ലെങ്കിൽ മറ്റൊരു മികച്ച ചോയ്‌സായി രഹാനെയെ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തുകൊണ്ട് അശ്വിന് ആയിക്കൂടാ? അദ്ദേഹം വിദേശത്ത് കളിക്കുമെന്ന് ഉറപ്പില്ലെന്ന് നിങ്ങൾ പറഞ്ഞാൽ, ഞാൻ രഹാനെയുടെ പേര് പറയും. വൈസ് ക്യാപ്റ്റൻ ആയിരുന്നിട്ടും പോലും രഹാനെയെ ഒരു ഘട്ടത്തിൽ പ്ലെയിങ് ഇലവനിൽനിന്ന് പുറത്താക്കിയിരുന്നു. ശുഭ്മൻ ഗിൽ ടെസ്റ്റ് ഇലവനിൽ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പ് കുറച്ച് കാലത്തേക്ക് അശ്വിനെയോ, രഹാനെയോ പരിഗണിക്കാം’ -ഗാന്ധി പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ കൂടുതൽ യുവ താരങ്ങളെ ഉൾപ്പെടുത്തണമെന്ന വാദവും ശക്തമാണ്. അധികം കാത്തുനിൽക്കാതെ, വെസ്റ്റിൻഡീസ് പരമ്പരയിൽ തന്നെ യുവ താരങ്ങളെ പരീക്ഷിക്കാം തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.