‘സമൂഹമാധ്യമങ്ങളിലെ രാജാവ് മാത്രം! വ്യക്തിപരമായ നേട്ടങ്ങൾക്ക് പാകിസ്താൻ ക്രിക്കറ്റിനെ നശിപ്പിച്ചു’; സീനിയർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ സഹതാരം
text_fieldsന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ട് കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്താൻ ടീമിനെതിര വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. യു.എസ്.എ-അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഒരു ഗ്രൂപ്പ് മത്സരം ബാക്കി നിൽക്കെ, മുൻ ചാമ്പ്യന്മാർ പുറത്താകുന്നത്.
ആദ്യ മത്സരത്തിൽ ക്രിക്കറ്റിലെ ശിശുക്കളായ യു.എസ്.എയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയ ബാബറും സംഘവും, ഇന്ത്യയോട് ആറ് റൺസിനും പരാജയപ്പെട്ടതോടെ തന്നെ അവരുടെ വിധി ഏകദേശം തീരുമാനിക്കപ്പെട്ടിരുന്നു. ടീമിന്‍റ മോശം പ്രകടനത്തിൽ മുൻ താരങ്ങളും ആരാധകരുമെല്ലാം വലിയ രോഷത്തിലാണ്. ടീമിലെ മുതിർന്ന താരങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ സഹതാരം കൂടിയായ അഹ്മദ് ഷെഹ്സാദ്. നായകൻ ബാബർ അസം, സ്റ്റാർ പേസർ ഷഹീൻ അഫ്രീദി, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ് വാൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ടീമിൽനിന്ന് പുറത്താക്കണമെന്ന് അദ്ദേഹം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു.
ഫോം കണ്ടെത്താൻ മുതിർന്ന താരങ്ങൾക്ക് ആവശ്യത്തിലധികം സമയം നൽകിയിട്ടും പുരോഗതിയൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ കൂടാതെ, ഗ്രൂപ്പ് എയിൽനിന്ന് യു.എസ്.എയും സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ആതിഥേയരായ യു.എസ്.എ ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ട്വന്‍റി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു അസോസിയേറ്റ് രാജ്യം ഗ്രൂപ്പ് ഘട്ടം കടക്കുന്നത് ഏഴാം തവണയും.
വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടക്കേണ്ട യു.എസ്.എ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് പാകിസ്താന് തിരിച്ചടിയായത്. അയർലൻഡിനെതിരെ യു.എസ്.എ തോറ്റാൽ മാത്രമേ പാകിസ്താനു മുന്നിൽ സൂപ്പർ എട്ട് സാധ്യതയുണ്ടായിരുന്നുള്ളു. മഴ തോർന്നെങ്കിലും നനഞ്ഞ ഔട്ട് ഫീൽഡ് കാരണം ടോസ് പോലും ഇടാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളും പോയന്‍റ് പങ്കിട്ടതോടെ യു.എസ്.എക്ക് നാലു മത്സരങ്ങളിൽ അഞ്ചു പോയന്‍റായി. രണ്ടു പോയന്‍റുള്ള പാകിസ്താന്‍റ് അവസാന മത്സരം ജയിച്ചാലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്താനാകില്ല. ഞായറാഴ്ച അയർലൻഡിനെതിരെയാണ് പാകിസ്താന്‍റെ അവസാന ഗ്രൂപ്പ് മത്സരം.
സഹതാരങ്ങളെയും അടുത്ത സുഹൃത്തുക്കളെയും സംരക്ഷിക്കാനായി ബാബർ ടീമിൽ ഗ്രൂപ്പിസം കളിക്കുകയാണെന്ന് ഷെഹ്സാദ് കുറ്റപ്പെടുത്തി. ‘കഴിഞ്ഞ നാല്-അഞ്ച് വർഷമായി ബാബർ അസമും ഷഹീൻ അഫ്രീദിയും മുഹമ്മദ് റിസ് വാനും ഹാരിസ് റൗഫും ഫഖർ സമാനും ടീമിൽ സ്ഥിരമായി കളിക്കുന്നുണ്ട്. ഈ താരങ്ങൾക്കെല്ലാം തിളങ്ങാൻ മതിയായ സമയം നൽകിയിട്ടുണ്ട്. ടീമിലെ ഗ്രൂപ്പിസം കാരണം അവർ പരസ്പരം സംരക്ഷണം തീർക്കുകയാണ്. ഞങ്ങൾ തെറ്റുകളിൽ നിന്ന് പഠിക്കുകയാണ് എന്നാണ് എപ്പോഴും പറയുന്നത്. നിങ്ങൾ ശരിക്കും എന്താണ് ഇതുവരെ പഠിച്ചത്. വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം പാകിസ്താൻ ക്രിക്കറ്റ് തകർന്നു. സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ച രാജാവ് മാത്രമാണ് നിങ്ങളെല്ലാം. കായികക്ഷമതയിലും പിന്നാക്കംപോയി. നിങ്ങൾ ടീമിൽ രാഷ്ട്രീയം കളിക്കുകയാണ്’ -ഷെഹ്സാദ് പാകിസ്താൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ആഞ്ഞടിച്ചു.
യുവതാരങ്ങളെ പഴിചാരുന്നതിനു പകരം ബാബൾ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്കെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ സ്വന്തം ആരാധകർ പോലും ടീമിനെ കടുത്ത ഭാഷയിലാണ് ട്രോളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.