അവസാന പന്ത് വരെ ആവേശം; കിങ്സിനോട് തോറ്റ് സൂപ്പർ കിങ്സ്
text_fieldsചെന്നൈ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് നാല് വിക്കറ്റ് ജയം. ചെന്നൈ മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബുകാർ ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ ഒമ്പത് റൺസ് വേണ്ടിയിരുന്ന പഞ്ചാബ് അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുത്താണ് വിജയം പിടിച്ചെടുത്തത്. പതിരാന എറിഞ്ഞ സ്ലോ ബാൾ സിക്കന്ദർ റാസ സ്കൊയർ ലെഗിലേക്ക് തട്ടിയിട്ടപ്പോൾ കൂട്ടിനുണ്ടായിരുന്ന ഷാറൂഖ് ഖാനും മത്സരിച്ചോടി വിജയം എത്തിപ്പിടിക്കുകയായിരുന്നു.
ഓപണർമാരായ ക്യാപ്റ്റൻ ശിഖർ ധവാനും (15 പന്തിൽ 28), പ്രഭ്സിമ്രാൻ സിങ്ങും (24 പന്തിൽ 42) മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. എന്നാൽ, വൺഡൗണായെത്തിയ അഥർവ തയ്ഡെ 17 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് പഞ്ചാബിനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 24 പന്തിൽ 40 റൺസെടുത്ത താരത്തെ ദേശ്പാണ്ഡെയുടെ പന്തിൽ ഗെയ്ക്‍വാദ് പിടിച്ചു പുറത്താക്കിയതോടെ പഞ്ചാബ് അപകടം മണത്തു. സാം കറൺ 20 പന്തിൽ 29 റൺസെടുത്തും ജിതേഷ് ശർമ 10 പന്തിൽ 21 റൺസെടുത്തും പുറത്തായെങ്കിലും സിക്കന്ദർ റാസയും ഷാറൂഖ് ഖാനും ചേർന്ന് പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ മൂന്നും രവീന്ദ്ര ജദേജ രണ്ടും മതീഷ പതിരാന ഒന്നും വിക്കറ്റ് നേടി.
ചെന്നൈക്കായി ഇന്നിങ്സിലെ അവസാന രണ്ട് പന്തും സിക്സറടിച്ച് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി കാണികൾക്ക് വീണ്ടും വിരുന്നൊരുക്കിയപ്പോൾ ഓപണർ ദെവോൺ കോൺവേ പുറത്താകാതെ നേടിയ തകർപ്പൻ അർധ സെഞ്ച്വറിയാണ് ആതിഥേയരുടെ സ്കോർ 200ലെത്തിച്ചത്. കോൺവേ 52 പന്തിൽ 92 റൺസുമായും ധോണി നാല് പന്തിൽ 13 റൺസുമായും പുറത്താകാതെ നിന്നു. ഋതുരാജ് ഗെയ്ക്‍വാദ് 31 പന്തിൽ 37ഉം ശിവം ദുബെ 17 പന്തിൽ 28ഉം റൺസടിച്ചു. മോയിൻ അലി (ആറ് പന്തിൽ 10) രവീന്ദ്ര ജദേജ (10 പന്തിൽ 12) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. പഞ്ചാബിനായി അർഷ്ദീപ് സിങ്, സാം കറൺ, രാഹുൽ ചാഹർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.