‘പ്രതീക്ഷകളും സമ്മർദങ്ങളും അയാളില്‍ കൂടുതല്‍ ഊർജം നിറക്കുന്നു, എന്റെ പേര് ‘മഹി-ന്ദ്ര’ എന്നായതിൽ അഭിമാനം’; ധോണിയെ പ്രശംസിച്ച് ആനന്ദ് മഹിന്ദ്ര
text_fieldsമുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ അവരുടെ നായകൻ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായ മൂന്ന് പന്തുകളിൽ സിക്സുകൾ പറത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ നായകന്‍ എം.എസ് ധോണിയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ. 20ാം ഓവറിലെ അവസാന നാല് പന്തുകൾ നേരിട്ട ധോണി ആദ്യ മൂന്ന് പന്തുകളും സിക്സടിച്ചും അവസാന പന്തിൽ ഡബിളെടുത്തുമാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തെ ത്രസിപ്പിച്ചത്. നാല് പന്തിൽ 20 റൺസെടുത്ത് 500 സ്ട്രൈക്ക് റേറ്റുമായി കീഴടങ്ങാതെയാണ് ധോണി തിരിച്ചുകയറിയത്. മത്സരത്തിൽ ചെന്നൈ 20 റൺസിന് ജയിക്കുകയും ധോണി നിരവധി റെക്കോഡുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ധോണിയെ വാനോളം പ്രശംസിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചോദന കഥകളുമായി എത്തുന്ന മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര. ധോണിയേക്കാള്‍ പ്രതീക്ഷക്കുമപ്പുറം ഉയരുന്ന ഒരു കളിക്കാരനെ കാണാനാവില്ലെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ധോണിയുടെ പേരുമായി ബന്ധിപ്പിച്ച് എന്റെ പേര് ‘മഹി-ന്ദ്ര’ എന്നായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വാനോളം പ്രതീക്ഷയും സമ്മർദവും ഉള്ളപ്പോഴും പ്രതീക്ഷകള്‍ക്കപ്പുറം ഉയരുന്ന ഈ മനുഷ്യനല്ലാത്ത മറ്റൊരു കായികതാരത്തെ എനിക്ക് കാണിച്ചു തരൂ. പ്രതീക്ഷകളും സമ്മർദങ്ങളും അയാളില്‍ കൂടുതല്‍ ഊർജം നിറക്കുകയാണ്. എന്‍റെ പേരും മഹി-ന്ദ്ര എന്നായതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു’ - എന്നിങ്ങനെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്. 13 ലക്ഷത്തോളം പേരിലെത്തിയ ഈ പോസ്റ്റിനോട് 50,000ത്തോളം പേരാണ് പ്രതികരിച്ചത്.
ചെന്നൈ 20 റൺസിന് ജയിച്ച മത്സരത്തിൽ അതുല്യ നേട്ടങ്ങളും മുൻ ഇന്ത്യൻ നായകനെ തേടിയെത്തി. ചെന്നൈക്കായി ധോണിയുടെ 250ാം മത്സരത്തിനാണ് വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരൊറ്റ ടീമിനായി ഇത്രയും മത്സരങ്ങൾ കളിച്ച രണ്ടാമത്തെ മാത്രം താരമാണ് ധോണി. ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ജഴ്സിയിൽ വിരാട് കോഹ്‍ലിയാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക താരം. ചെന്നൈക്കായി ഐ.പി.എല്ലിൽ 5000 റൺസ് തികക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന നേട്ടവും എം.എസ്.ഡി സ്വന്തമാക്കി. 5529 റൺസടിച്ച സുരേഷ് റെയ്ന മാത്രമാണ് ധോണിക്ക് മുമ്പിലുള്ളത്.
ഐ.പി.എൽ ചരിത്രത്തിൽ നേരിടുന്ന ആദ്യ മൂന്ന് പന്തുകളും സിക്സറടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. ഏഴാം തവണയാണ് താരം 20ാം ഓവറിൽ 20 റൺസിന് മുകളിൽ നേടുന്നത്. അവസാന ഓവറിൽ രണ്ടോ അതിലധികമോ സിക്സറുകൾ ഏറ്റവും കൂടുതൽ തവണ നേടിയതും (17 തവണ) ധോണിയാണ്. 20ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതിന്റെ റെക്കോഡും താരത്തിന്റെ പേരിൽ തന്നെ. 64 സിക്റാണ് അവസാന ഓവറിൽ ധോണി ഇതുവരെ അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.