ഗാലറിയിൽ സഞ്ജു ഔട്ട്, ഔട്ട് എന്ന് ആക്രോശിച്ച് ഡൽഹി ടീം ഉടമ; വ്യാപക വിമർശനം; പ്രതികരിച്ച് ജിൻഡാൽ
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്‍റെ വിവാദ ഔട്ടിനെ ചൊല്ലിയുള്ള അലയൊലികൾ ഒടുങ്ങിയിട്ടില്ല. ഷായ് ഹോപ് ബൗണ്ടറി ലൈനിനോടു ചേർന്ന് സഞ്ജുവിന്‍റെ ക്യാച്ചെടുക്കുമ്പോള്‍ താരത്തിന്റെ ഷൂസ് ലൈനിൽ തട്ടിയോ എന്നതാണു പ്രധാന ചര്‍ച്ചാ വിഷയം.
റിവ്യൂ പരിശോധനക്കൊടുവിൽ മൂന്നാം അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. ഗ്രൗണ്ടിൽ അമ്പയർമാരോട് തർക്കിച്ചതിന് സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയും ചെയ്തു. മുൻ താരങ്ങൾ ഉൾപ്പെടെ സഞ്ജുവിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസ് ടീം ഉടമ പാർഥ് ജിൻഡാൽ ഗാലറിയിൽ ഔട്ട്, ഔട്ട് എന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഗ്രൗണ്ടിൽ സഞ്ജു അമ്പയർമാരോടു തർക്കിക്കുന്നതിനിടെയാണ് ഗാലറിയിൽ ജിൻഡാൽ സഞ്ജുവിന്‍റെ വിക്കറ്റ് ആഘോഷിക്കുന്നത്.
ജിൻഡാലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും വ്യാപക വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഒടുവിൽ ജിൻഡാൽ തന്നെ അതിനോട് പ്രതികരിച്ചിരിക്കുകയാണ്. സഞ്ജുവിന്‍റെ ബാറ്റിങ് തങ്ങളെ ഉത്കണ്ഠാകുലരാക്കിയെന്ന് ജിൻഡാൽ പറഞ്ഞു. മത്സരശേഷം സഞ്ജുവിനോടും രാജസ്ഥാൻ ടീം മനോജ് ബാദലുമായും സംസാരിക്കുന്ന ജിൻഡാലിന്‍റെ വിഡിയോ ഡൽഹി കാപിറ്റൽസ് അവരുടെ എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയ രാജസ്ഥാൻ ക്യാപ്റ്റനെ ഡൽഹി ടീം ഉടമ അഭിനന്ദിച്ചെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
‘മനോജിനോടും സഞ്ജുവിനോടും ഇടപഴകുന്നത് മനോഹരമായിരുന്നു - കോട്‌ലയിൽ സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ് അവിശ്വസനീയമായിരുന്നു - അവൻ ഞങ്ങളെയെല്ലാം അങ്ങേയറ്റം ഉത്കണ്ഠാകുലനാക്കി, അതിനാലാണ് അദ്ദേഹം പുറത്തായപ്പോൾ അങ്ങനെ പ്രതികരിച്ചത്! അദ്ദേഹത്തെ അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടീമിന്‍റെ മികച്ച വിജയം!’ -ജിൻഡാൽ എക്സിൽ കുറിച്ചു.
മത്സരത്തിൽ 20 റൺസിനാണ് ഡൽഹി വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ എട്ടിന് 221 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രാജസ്ഥാൻ ബാറ്റിങ്ങിനിടെ 16ാം ഓവറിലായിരുന്നു സഞ്ജുവിന്റെ വിവാദ പുറത്താകൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.