ഫാഫ് ഡുെപ്ലസിസിനെ അപമാനിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്‍റെ പോസ്റ്റ്; പ്രതിഷേധവുമായി താരങ്ങൾ
text_fieldsദുബൈ: ഫാഫ് ഡുെപ്ലസിസും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും എന്താണ് പ്രശ്നം?. ഉജ്ജ്വല ഫോമിൽ ഐ.പി.എല്ലിൽ ബാറ്റേന്തിയ ഫാഫ് ഡുെപ്ലസിസിനെ ട്വന്‍റി 20 ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന്‍റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. എരിതീയിൽ എണ്ണയൊഴിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പുതിയ പോസ്റ്റ് കൂടി എത്തിയതോടെ വിവാദം വീണ്ടും കൊഴുക്കുകയാണ്.
ഐ.പി.എൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ അഭിനന്ദിച്ചുള്ള ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പോസ്റ്റിൽ ലുൻഗി എൻഗിഡിയെ മാത്രമാണ് മെൻഷൻ ചെയ്തത്. ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്ത ഫാഫ് ഡുെപ്ലസിയെയും എൻഗിഡിയെപ്പോലെ റിസർവ് ബെഞ്ചിലിരുന്ന ഇമ്രാൻ താഹിറിനെയും പോസ്റ്റിൽ പരാമർശിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു.
തൊട്ടുപിന്നാലെ പോസ്റ്റിൽ ''റിയലി???' എന്ന കമേന്റാടെ ഡുെപ്ലസിസ് തന്നെയെത്തി. ദക്ഷിണാഫ്രിക്കൻ പോസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ''ആരാണ് ഈ അക്കൗണ്ട് നടത്തുന്നത്. ഫാഫ് ഡുെപ്ലസിസും ഇമ്രാൻ താഹിറും വിരമിച്ചിട്ടില്ല. രണ്ടുപേരും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ദീർഘകാലം സംഭാവനകൾ നൽകിയവരാണ്. അവരെക്കുറിച്ചുള്ള പരാമർശം പോലുമില്ലേ?. ഇത് ശരിയല്ല'' -സ്റ്റെയിൻ കമന്‍റ് ചെയ്തു.
തുടർന്ന് കുറച്ചുനേരത്തിന് ശേഷം പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയത് പോസ്റ്റ് ചെയ്താണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രശ്നം പരിഹരിച്ചത്. ചെന്നൈക്ക് ആശംസകൾ നേർന്ന പോസ്റ്റിൽ ഡുെപ്ലസിയെ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
16 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഡുെപ്ലസി 633 റൺസാണ് സീസണിൽ അടിച്ചുകൂട്ടിയത്. ആറു അർധ സെഞ്ച്വറികളും നേടി. 635 റൺസെടുത്ത സഹതാരം റിഥുരാജ് ഗെയ്ക്വാദിന്റെ പേരിലുള്ള ഓറഞ്ച് ക്യാപ്പ് തലനാരിഴക്കാണ് ഡുെപ്ലസിക്ക് നഷ്ടമായത്. ഡുെപ്ലസിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിൽ ആരാധകർ പ്രതിഷേധം ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.