‘ഇന്ത്യ കോഹ്ലിയെ പുറത്തിരുത്തിയില്ല...’; ബാബറിനെ ടെസ്റ്റിൽനിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സഹതാരം
text_fieldsഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള പാകിസ്താൻ സ്ക്വാഡിൽനിന്ന് സൂപ്പർ ബാറ്റർ ബാബർ അസമിനെ ഒഴിവാക്കിയതിനെ ചൊല്ലി താരങ്ങൾക്കിടയിൽ ഭിന്നത. മോശം ഫോമിനെ തുടർന്നാണ് രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ബാബറിനെ ഒഴിവാക്കിയത്.
പേസർമാരായ ഷഹീൻ അഫ്രീദിയെയും നസീം ഷായും ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. താരങ്ങൾക്ക് വിശ്രമം നൽകിയെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറയുന്ന വാദം. അൺ ക്യാപ്ഡ് താരങ്ങളായ ഹസീബുല്ല, മെഹ്‌റാൻ മുംതാസ്, കമ്രാൻ ഗുലാം എന്നിവരാണ് പുതുതായി ടീമിലെത്തിയത്. കൂടാതെ, വിക്കറ്റ് കീപ്പർ ബാറ്റർ സർഫറാസ് അഹമ്മദ്, സ്പിന്നർ അബ്രാർ അഹമ്മദ് എന്നിവർക്കു പകരക്കാരായി മുഹമ്മദ് അലി, സാജിദ് ഖാൻ എന്നിവരും ടീമിലെത്തി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും ബാബറിന് തിളങ്ങാനായില്ല. രണ്ട് ഇന്നിങ്സുകളിലും 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോർ. 2022ലാണ് ബാബർ ടെസ്റ്റിൽ അവസാനമായി സെഞ്ച്വറി തികച്ചത്. ന്യൂസീലൻഡിനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റിൽ താരം 161 റൺസ് അടിച്ചെടുത്തിരുന്നു. എന്നാൽ, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ ബോളർമാർക്ക് യാതൊരു സാധ്യതയും നൽകാത്ത മുൾട്ടാനിലെ പിച്ചിലും ബാബർ ബാറ്റിങ്ങിൽ പരാജയപ്പെട്ടത് വലിയ വിമർശത്തിനിടയാക്കി.
പുതിയ സെലക്ഷൻ കമ്മിറ്റിയാണ് രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ബാബറിനെ പുറത്താക്കിയ പി.സി.ബി തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സഹതാരം ഫഖർ സമാൻ രംഗത്തെത്തി. മോശം ഫോമിലൂടെ കടന്നുപോയപ്പോൾ വിരാട് കോഹ്ലിയെ ബി.സി.സി.ഐ പുറത്താക്കിയിട്ടില്ലെന്നും ബാബറിനെ ഒഴിവാക്കിയ നടപടി ടീമിന് തെറ്റായ സന്ദേശം നൽകുമെന്നും ഫഖർ സമാൻ വിമർശിച്ചു. മികച്ച താരങ്ങളെ വിലക്കുറച്ചു കാണുന്നതിനു പകരം അവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം ബോർഡിനോട് അഭ്യർഥിച്ചു.
അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ഫഖർ എക്സിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
‘ബാബർ അസമിനെ ഒഴിവാക്കുന്നുവെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണ്. 2020 മുതൽ 2023 വരെ മോശം ഫോമിലൂടെ കടന്നുപോയ വിരാട് കോഹ്ലിയെ ഇന്ത്യ ബെഞ്ചിലിരുത്തിയിട്ടില്ല. 19.33, 28.21, 26.50 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ ശരാശരി. പാകിസ്താൻ ക്രിക്കറ്റ് കണ്ട മികച്ച ബാറ്ററെ മാറ്റിനിർത്തുന്നത് ടീമിന് തെറ്റായ സന്ദേശം നൽകും. ടീമിലെ സുപ്രധാന താരങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്’ -ഫഖർ എക്സിൽ കുറിച്ചു.
ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത് 500നു മുകളിൽ റൺസ് സ്കോർ ചെയ്തിട്ടും ഇംഗ്ലണ്ടിനു മുന്നിൽ നാണംകെട്ട തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. ഇന്നിങ്സിനും 47 റൺസിനുമാണ് പാകിസ്താൻ തോറ്റത്. ടെസ്റ്റിൽ പാകിസ്താന്‍റെ തുടർച്ചയായ ആറാം തോൽവിയാണിത്. സ്വന്തം നാട്ടിൽ അവസാനം കളിച്ച ഒമ്പതു ടെസ്റ്റുകളിൽ ഏഴാമത്തെ തോൽവിയും.
പാകിസ്താൻ ടെസ്റ്റ് സ്ക്വാഡ്:
ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, ഹസീബുല്ല (വിക്കറ്റ് കീപ്പർ), കമ്രാൻ ഗുലാം, മെഹ്‌റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നൊമാൻ അലി, സയിം അയൂബ്, സാജിദ് ഖാൻ, സൽമാൻ അലി ആഘ, സാഹിദ് മെഹമൂദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.