ദ്രാവിഡോ സചിനോ പ്രിയതാരമെന്ന് ആരാധകൻ; അക്തറിന്റെ ഉത്തരമിതാണ്
text_fieldsഇളമുറക്കാരനായപ്പോൾ പന്തുകൊണ്ടെന്ന പോലെ മുതിർന്നപ്പോൾ വാക്കു കൊണ്ടും പ്രകോപിപ്പിക്കാനും അതിലേറെ സ്നേഹിക്കാനും നന്നായറിയാവുന്ന പാക് ഫാസ്റ്റ് ബൗളർ ശുഐബ് അക്തറെ കുഴക്കി ആരാധകൻ. ഇന്ത്യൻ ബാറ്റിങ് ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽക്കറാണോ രാഹുൽ ദ്രാവിഡാണോ കൂടുതൽ കേമനെന്നായിരുന്നു 'റാവൽപിണ്ടി എക്സ്പ്രസി'നു മുന്നിൽ ഇന്ത്യയിൽനിന്നു തന്നെയുള്ള ആരാധകെൻറ ചോദ്യം.
സമൂഹമാധ്യമമായ ട്വിറ്ററിൽ ചോദ്യോത്തര സെഷനിൽ നിനക്കാതെ വന്ന ചോദ്യത്തിന് മറുപടിയിൽ താരം തെരഞ്ഞെടുത്തത് ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡിനെയാണ്. സമകാലിക കളിക്കാരിൽ മികച്ചവർ ആരെന്ന ചോദ്യത്തിന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, പാക് നായകൻ ബാബർ അഅ്സം എന്നിവർക്കാണ് അക്തർ നറുക്ക് നൽകിയത്.
വിക്കറ്റിെൻറ ഇരുവശത്തും അനായാസം ബാറ്റുവീശുന്നതിൽ മിടുക്കരായ ഇരുവരും സമകാലിക ക്രിക്കറ്റിൽ ഏറെ തുലനം ചെയ്യപ്പെടുന്നവരാണ്. ടെസ്റ്റ്, ഏകദിന, ട്വൻറി20 ഐ.സി.സി റാങ്കിങ്ങിൽ ഒരുപോലെ മുന്നിൽനിന്ന് ഇരുവരും പ്രകടന മികവ് നിലനിർത്തുന്നു. കോഹ്ലി ടെസ്റ്റിൽ രണ്ടാമനും ഏകദിനത്തിൽ ഒന്നാമനും ട്വൻറി20യിൽ ഏഴാമനുമാണെങ്കിൽ ബാബർ ടെസ്റ്റിലും ഏകദിനത്തിലും അഞ്ചും ട്വൻറി20യിൽ രണ്ടും സ്ഥാനത്തുണ്ട്. ഇതോടൊപ്പം, ചെറിയ പരിക്കുകൾ കാരണം ഇരുവരും നിലവിൽ ദേശീയ ടീമുകൾക്കൊപ്പമില്ലെന്ന കൗതുകവുമുണ്ട്.
ട്വിറ്റർ ചോദ്യോത്തര സെഷനിൽ അക്തറിനെ 'കുഴക്കിയ' മറ്റൊരു ചോദ്യം നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആരെന്നായിരുന്നു. മറുപടിയിൽ പക്ഷേ, ഇന്ത്യയും പാകിസ്താനും വന്നില്ല. പകരം കംഗാരുപ്പടയുടെ നാട്ടുകാരനായ മിച്ചെൽ സ്റ്റാർകിനെയായിരുന്നു അക്തർ തെരഞ്ഞെടുത്തത്. ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ ഫാസ്റ്റ് ബൗളർ എന്നുകൂടി വിശേഷിപ്പിച്ചാണ് സ്റ്റാർകിനെ അക്തർ ഒന്നാമനായി കണ്ടെത്തിയത്. നിലവിൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഓസീസ് ടീമിെൻറ വജ്രായുധമാണ് സ്റ്റാർക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.