സാർ, സിറാജിന് ഒരു എസ്.യു.വി സമ്മാനിക്കു! ആനന്ദ് മഹീന്ദ്രയുടെ മറുപടി വൈറൽ...
text_fieldsപേസർ മുഹമ്മദ് സിറാജിന്‍റെ അവിസ്മരണീയ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് ഏട്ടാം ഏഷ്യാ കപ്പ് കിരീടം നേടികൊടുത്തത്. ശ്രീലങ്കക്കെതിരെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്.
ഏഴു ഓവറിൽ 21 റൺസ് വഴങ്ങി ആറു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. താരത്തിന്‍റെ രണ്ടാമത്തെ ഓവറിൽ മാത്രം ലങ്കയുടെ നാലു മുൻനിര ബാറ്റർമാരാണ് മടങ്ങിയത്. ഒരോവറിൽ ഒരു ഇന്ത്യൻ താരം നാലു വിക്കറ്റ് നേടുന്നത് ഇതാദ്യം. 15.2 ഓവറിൽ ആതിഥേയരെ 50 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ, 6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. മാസ്മരിക ബൗളിങ്ങിൽ ഒരുപിടി റെക്കോഡുകളും സിറാജ് സ്വന്തമാക്കി.
സിറാജിന്‍റെ റെക്കോഡ് പ്രകടനത്തെ പ്രശംസിച്ച് മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും താരത്തിനെ വാനോളം പുകഴ്ത്തി. സിറാജ് ഒരു അത്ഭുത പ്രതിഭാസം തന്നെയാണെന്ന് അദ്ദേഹം പ്രകീർത്തിച്ചു. ‘എതിരാളികളെ ഓർത്ത് എന്‍റെ ഹൃദയം വേദനിക്കുന്ന അനുഭവം ഇതിനു മുമ്പ് എനിക്കുണ്ടായിട്ടില്ല....നമ്മൾ അവരുടെ മേൽ ഒരു അമാനുഷിക ശക്തി അഴിച്ചുവിട്ടതുപോലെയാണ് ഇത്...മുഹമ്മദ് സിറാജ് നിങ്ങൾ ഒരു അത്ഭുത പ്രതിഭാസമാണ്...’- ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
നിരവധി ആരാധകരാണ് ഇതിനു താഴെ കമന്‍റ് ചെയ്തത്. ‘സർ, ദയവായി സിറാജിന് ഒരു എസ്.യു.വി സമ്മാനിക്കു’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. കൊടുത്തിരുന്നു എന്നായിരുന്നു മഹീന്ദ്രയുടെ മറുപടി. 2021ൽ ഥാർ എസ്.യു.വി മഹീന്ദ്ര സിറാജിന് സമ്മാനിച്ചിരുന്നു. ഒരു മേജര്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി സിറാജ്. അനില്‍ കുംബ്ലെക്ക് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്‍റ് ഫൈനലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും.
ഏകദിന കരിയറില്‍ സിറാജിന്‍റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. ഏകദിനത്തില്‍ ലങ്കക്കെതിരെ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സിറാജിന്‍റെ പേരിലായി. ഇതോടൊപ്പം ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും ഇന്ത്യൻ പേസർ പിന്നിട്ടു. 29ാം ഏകദിനത്തിലാണ് സിറാജിന്റെ നേട്ടം.
കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് സിറാജ്. അതോടൊപ്പം ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റുകള്‍ തികക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.