രോഹിത്തിനെയും കോഹ്ലിയെയും പുറത്താക്കും! ഗംഭീർ ഇന്ത്യൻ പരിശീലകനാകുമോ? ആരാധകർ അസ്വസ്ഥരാണ്...
text_fieldsമുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററും മുൻ ബാറ്ററുമായ ഗൗതം ഗംഭീറിന്‍റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി ഉറപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗികമായി ഗംഭീറും ബി.സി.സി.ഐയും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ജൂണിലെ ട്വന്‍റി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും.
പരിശീലകനാകാൻ താൽപര്യമുള്ളവരിൽനിന്ന് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു. 3000ഓളം അപേക്ഷകളാണ് ലഭിച്ചത്. കൊൽക്കത്തക്ക് ഐ.പി.എൽ കിരീടം നേടികൊടുത്തതോടെയാണ് ഗംഭീർ ബി.സി.സി.ഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുഖ്യപരിഗണന നേടിയത്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ളവർ ചെന്നൈയിലെ ഫൈനലിനു പിന്നാലെ ഗംഭീറുമായി ഏറെനേരം ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഗംഭീറിനെ ഏതുവിധേനയും സമ്മതിപ്പിച്ച് പരിശീലക ചുമതല ഏറ്റെടുപ്പിക്കാനുള്ള നീക്കമാണ് ബി.സി.സി.ഐ നടത്തുന്നത്. എന്നാൽ, ഗംഭീറിനെ പോലൊരു ശക്തനായൊരാൾ പരിശീലകനായി എത്തുമ്പോൾ ആരാധകരാണ് അസ്വസ്ഥരാകുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ട്വന്‍റി20 ഫോർമാറ്റിൽനിന്ന് ഒഴിവാക്കുമെന്ന ആശങ്കയാണ് ആരാധകർ പ്രധാനമായും പങ്കുവെക്കുന്നത്. ഐ.പി.എൽ മത്സരത്തിനിടെ ഒരിക്കൽ ഗ്രൗണ്ടിൽ ഗംഭീറും കോഹ്ലിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. ഗംഭീർ പരിശീലകനായി എത്തുമ്പോൾ ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ രോഹിത്, കോഹ്ലി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്ക് ഇടമുണ്ടാകില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. അതേസമയം, ഒരുവിഭാഗം ഗംഭീറിനെ സ്വാഗതം ചെയ്തും കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. ധീരവും ശക്തവുമായ തീരുമാനങ്ങളെടുക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ് ഗംഭീറെന്ന് പല ആരാധകരും അഭിപ്രായപ്പെട്ടു.
പരിഹസിച്ചും നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ക്യാപ്റ്റനായും മെന്‍ററായും കിരീടം നേടിയ ഒരേയൊരു ക്രിക്കറ്ററാണ് ഗംഭീർ. 2012, 2014 വർഷങ്ങളിൽ കൊൽക്കത്ത കിരീടം നേടുമ്പോൾ ഗംഭീറായിരുന്നു ടീമിന്‍റെ നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.