ആർ.സി.ബിയിലേക്ക് വരൂ...; ലഖ്നോ ടീം ഉടമ പരസ്യമായി ശകാരിച്ച രാഹുലിനെ പിന്തുണച്ച് ആരാധകർ
text_fieldsഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനോട് പത്തു വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതിനു പിന്നാലെ ലഖ്നോ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവെച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചതിൽ വ്യാപക വിമർശനം. മത്സരശേഷം ബൗണ്ടറിക്കു പുറത്തുവെച്ച് ഗോയങ്ക രാഹുലിനെ ശകാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്വന്തം ടീം ക്യാപ്റ്റനെ ആരാധകരുടെ മുന്നിൽവെച്ച് അപമാനിച്ച നടപടി ഒട്ടും ശരിയായില്ലെന്നും ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും ആരാധകരും മുൻ താരങ്ങളും പറയുന്നു. ഗോയങ്ക ശകാരിക്കുമ്പോൾ, രാഹുൽ നിസ്സഹായനായി കേട്ടിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുതിർന്ന ഇന്ത്യൻ താരത്തെ ഇത്തരത്തിൽ പരസ്യമായി അപമാനിച്ചത് ശരിയായില്ലെന്നാണ് ആരാധകരുടെയും മുൻതാരങ്ങളുടെയും പക്ഷം. രാഹുൽ ഇനിയും ലഖ്നോ ടീമിൽ തുടരരുതെന്നും കർണാടകക്കാരനായ രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തയാറാകണമെന്നും ആരാധകർ ആവശ്യപ്പെട്ടു.
2013ൽ ആർ.സി.ബിക്കൊപ്പമാണ് രാഹുൽ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2014ൽ താരം സൺറൈസേഴ്സ് ഹൈദരാബാദിലേക്ക് പോയി. 2016ൽ വീണ്ടും ബംഗളൂരു ടീമിലെത്തി. ഏതാനും സീസണുകൾ ടീമിനൊപ്പം തുടർന്ന താരം പിന്നീട് പഞ്ചാബ് കിങ്സിന്‍റെ നായകനായി. 2022ലാണ് ലഖ്നോ ടീമിലെത്തുന്നത്. അടുത്തടുത്ത സീസണുകളിൽ രാഹുലിന്‍റെ നേതൃത്വത്തിൽ ടീം എലിമിനേറ്റർ റൗണ്ടിലെത്തി. നടപ്പു സീസണിൽ ടീമിന് അവസാന നാലിലെത്താൻ ഇനിയും സാധ്യതകളുണ്ട്.
‘ഹൈദരാബാദിനെതിരെ താരം നന്നായി കളിച്ചില്ലെങ്കിലും ടീം ഉടമയുടെ െപരുമാറ്റം ശരിയായില്ല. നമ്മുടെ രാജ്യത്തെ ഉയർന്ന ടൂർണമെന്‍റുകളിൽ രാഹുൽ പ്രതിനിധീകരിച്ചിട്ടുണ്ട്. മികച്ചത് അർഹിക്കുന്നു. ആർ.സി.ബിയിലേക്ക് വരൂ രാഹുൽ. ഞങ്ങൾ ഇഷ്ടപ്പെടുന്നു’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു. ആർ.സി.ബിയിലേക്ക് വരണമെന്നും തങ്ങളൊരിക്കലും ഇതുപോലെ പെരുമാറില്ലെന്ന് ഉറപ്പു തരാമെന്നും മറ്റൊരു ആരാധകർ പ്രതികരിച്ചു. മത്സരത്തിൽ 33 പന്തുകൾ നേരിട്ട രാഹുൽ 29 റൺസെടുത്തു പുറത്തായിരുന്നു.
ലഖ്നോവിന് പ്ലേ ഓഫിലെത്താൻ ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ മാത്രം മതിയാകില്ല, മറ്റു മത്സരങ്ങളുടെ ഫലം കൂടി അനുകൂലമാകണം. ഇത്തരം സംഭാഷണങ്ങൾ അടച്ചിട്ട മുറിയിലാകണമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകനും കമന്‍റേറ്ററുമായി ഗ്രെയിം സ്മിത്ത് പ്രതികരിച്ചു. 12 മത്സരങ്ങളിൽ ആറു ജയവും ആറു തോൽവിയുമായി ലഖ്നോ നിലവിൽ പോയന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഹൈദരാബാദിനെതിരെ ആദ്യം ബാറ്റു ചെയ്ത ലഖ്നോ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 58 പന്തിലാണ് ഹൈദരാബാദ് ലക്ഷ്യത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.