‘മൂന്ന് താരങ്ങൾ നോക്കി നിൽക്കെ ക്യാച്ച് ബൗണ്ടറിയായി’; പാകിസ്താന് ട്രോൾ മഴ
text_fieldsകൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് ആവേശപ്പോരിൽ വീണ്ടും വില്ലനായി മഴയെത്തിയിരിക്കുകയാണ്. അപകടകാരികളായ പാക് പേസർമാരെയടക്കം അടിച്ചുപരത്തി ഇന്ത്യയുടെ ഓപണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറികൾ നേടിയപ്പോൾ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് ഇന്ത്യ. എന്നാൽ, മത്സരത്തിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴക്ക് തന്നെ കാരണമായി.
കാര്യം മറ്റൊന്നുമല്ല, പാകിസ്താൻ താരങ്ങളുടെ മോശം ഫീൽഡിങ് തന്നെയാണ് വിഷയം. കാലങ്ങളായി പാകിസ്താൻ താരങ്ങൾ പഴി കേൾക്കാറുള്ളത് ദയനീയമായ ഫീൽഡിങ്ങിന്റെ പേരിലാണ്. അതിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് സംഭവിച്ച കാര്യങ്ങൾ.
ക്യാച്ചിലൂടെ വിക്കറ്റുറപ്പിച്ച പന്ത് അടുത്തടുത്തുള്ള മൂന്ന് താരങ്ങളെ സാക്ഷിയാക്കി ബൗണ്ടറിയായി മാറുന്ന കാഴ്ചക്കായിരുന്നു കൊളംബോയിലെ സ്റ്റേഡിയത്തിലുള്ളർ സാക്ഷിയായത്. നസീം ഷായെറിഞ്ഞ എട്ടാമത്തെ ഓവറിലായിരുന്നു ഏവരും വാപൊളിച്ചിരുന്നുപോയ രംഗമുണ്ടായത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ, 42 റൺസെടുത്ത് നിൽക്കുകയായിരുന്നു ഇന്ത്യ. മികച്ച ഫോമിലുള്ള ഗിൽ അടിച്ച പന്ത് സ്ലിപ്പിലേക്കായിരുന്നു പോയത്. എളുപ്പം പിടിക്കാമായിരുന്നിട്ടും മൂന്ന് പാക് താരങ്ങൾ ആശയക്കുഴപ്പം കാരണം കൈവിട്ടു.
സ്ലിപ്പിലുണ്ടായിരുന്ന ഇഫ്തിഖർ അഹമ്മദിന് നേരെ വന്ന പന്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ കൈക്കലാക്കാൻ ചെറിയ ശ്രമം നടത്തുകയും പിന്നീട് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു, അതോടെ ആശയക്കുഴപ്പത്തിലായ ഇഫ്തിഖറിനും മറ്റൊരു താരത്തിനും നടുവിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പോവുകയും ചെയ്തു. എന്തായാലും സമൂഹ മാധ്യമങ്ങളിൽ പാകിസ്താൻ താരങ്ങളെ ട്രോളിക്കൊണ്ട് നിരവധിപേരാണ് എത്തിയത്.
30 റൺസെടുത്ത് നിൽക്കെ പാക് താരങ്ങളുടെ ദയനീയ ഫീൽഡിങ് കാരണം ക്രീസിൽ കൂടുതൽ സമയം ലഭിച്ച ഗിൽ ഒടുവിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസുമായാണ് കളംവിട്ടത്. രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.