ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ അഴിമതി! പാട്ടീദാറിന്‍റെ മോശം പ്രകടനത്തിൽ പരിഹാസവുമായി ആരാധകർ
text_fieldsറാഞ്ചി: ഇന്ത്യൻ താരം രജത് പാട്ടീദാറിന്‍റെ മോശം പ്രകടനത്തിൽ പരിഹാസവുമായി ആരാധകർ. ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി താരത്തിനെതിരെ ആരാധകർ രംഗത്തെത്തിയത്.
നാലാമനായിറങ്ങി ആറു പന്തു നേരിട്ട പാട്ടീദാർ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ശുഐബ് ബഷീറിന്‍റെ പന്തിൽ ഒലി പോപ്പിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഒന്നാം ഇന്നിങ്സിൽ 17 റൺസെടുത്ത താരത്തെ ബഷീർ തന്നെയാണ് പുറത്താക്കിയത്. ടീമിനു മുന്നിൽ ചെറിയ വിജയലക്ഷ്യം ആയിരുന്നിട്ടു കൂടി താരത്തിന് ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ വന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ അവസരം കിട്ടിയിട്ടും താരം തുടർച്ചയായി പരാജയപ്പെടുന്നതും ഇന്ത്യക്കായി നിർണായക പ്രകടനം പുറത്തെടുക്കാനാകാത്തതുമാണ് ആരാധകരുടെ പരസ്യ വിമർശനത്തിനിടയാക്കിയത്. ധരംശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽനിന്ന് താരത്തെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നും ആരാധകർ ആവശ്യപ്പെടുന്നു. ‘ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ അഴിമതിയാണ് രജത് പാട്ടീദാറെ’ന്ന് ഒരു ആരാധകർ എക്സിൽ കുറിച്ചു. ‘ഇന്ത്യൻ ടീമിൽ ഇതുവരെ കളിച്ചതിൽ ഏറ്റവും വലിയ വഞ്ചകനാണ് രജത് പാട്ടിദാർ !! കളിക്കാനുള്ള അവസരം അദ്ദേഹം അർഹിക്കുന്നില്ല !!’ -മറ്റൊരു ആരാധകർ പോസ്റ്റ് ചെയ്തു.
‘രജത് പാട്ടീദാർ അവസരങ്ങളെല്ലാം പാഴാക്കി. ആറ് ടെസ്റ്റ് ഇന്നിങ്സുകളിൽ രണ്ടാം ഡക്ക് എഴുതിചേർത്തു’ -ഒരു ആരാധകൻ കുറിച്ചു. അതേസമയം, നാലാം ടെസ്റ്റിൽ ഇന്ത്യ അഞ്ചു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ റാഞ്ചിയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളർമാർ വട്ടംകറക്കിയെങ്കിലും ശുഭ്മൻ ഗില്ലിന്‍റെയും ധ്രുവ് ജുറെലിന്‍റെയും ചെറുത്തുനിൽപ്പാണ് രക്ഷിച്ചത്.
ഒരു ടെസ്റ്റ് മത്സരം ബാക്കി നിൽക്കെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 124 പന്തിൽ 52 റൺസെടുത്ത് ഗില്ലും 77 പന്തിൽ 39 റൺസുമായി ജുറെലും പുറത്താകാതെ നിന്നു. ഇരുവരും ആറാം വിക്കറ്റിൽ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന്‍റെ അടിത്തറ. നായകൻ രോഹിത് ശർമയും അർധ സെഞ്ച്വറി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.