ഒരുകാലത്ത് നാം അവർക്ക് 'ബ്ലഡി ഇന്ത്യൻസ്' ആയിരുന്നു, ഐ.പി.എൽ വന്നതോടെ സ്വരം മാറി; ഇംഗ്ലണ്ടിൽ നേരിട്ട വംശീയതയെ കുറിച്ച് ഫറൂഖ് എഞ്ചിനീയർ
text_fieldsന്യൂഡൽഹി: ഇംഗ്ലണ്ടിൽ നേരിട്ട വംശീയതയെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫറൂഖ് എഞ്ചിനീയര്‍. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളെ തുടർന്ന് പേസർ ഒല്ലി റോബിൻസണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. തെറ്റായ പ്രവർത്തി ചെയ്ത റോബിൻസണ് ശിക്ഷ നൽകിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടപടി ഏറ്റവും ശരിയായ കാര്യമാണെന്ന് ഫറൂഖ് എഞ്ചിനീയർ പറഞ്ഞു. ഒപ്പം ഇംഗ്ലണ്ടിൽ താൻ മുമ്പ് നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ചും അദ്ദേഹം വാചാലനായി.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിന് വേണ്ടി കളിക്കുന്ന സമയത്ത് ഇന്ത്യക്കാരനായതിനാൽ നിരവധി തവണ വംശീയ പരാമർശങ്ങൾ നേരിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. 'അവൻ ഇന്ത്യയിൽ നിന്നാണോ..? എന്ന ചോദ്യം ഒന്നോ രണ്ടോ തവണ കേൾക്കേണ്ടി വന്നിട്ടുണ്ട്... കൂടാതെ തെൻറ ഇന്ത്യൻ ചുവയിലുള്ള ഇംഗ്ലീഷിനെയും അവർ കളിയാക്കിയിരുന്നതായി ഫറൂഖ് എഞ്ചിനീയർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"എെൻറ ഇംഗ്ലീഷ് മിക്ക ഇംഗ്ലീഷുകാരേക്കാളും മികച്ചതാണെന്ന് ഞാൻ കരുതുന്നു, അതുകൊണ്ട് ഫറോക്ക് എഞ്ചിനീയറോട് കളിക്കാൻ നിക്കരുതെന്ന് അവർ പെട്ടെന്നുതന്നെ മനസ്സിലാക്കി. മാത്രമല്ല, എന്നെ കൊണ്ട് എന്തൊക്കെ കഴിയുമെന്ന് ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും കൊണ്ട് ഞാൻ തെളിയിച്ചുകൊടുത്തു. രാജ്യത്തിെൻറ അംബാസഡറായി ഇന്ത്യയുടെ അഭിമാനം കാക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, " -അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലിെൻറ ഉദയത്തോടെ മുൻ അന്താരാഷ്ട്ര താരങ്ങളുടെ സ്വരം മാറിയതും ഫറൂഖ് എഞ്ചിനീയർ എടുത്തുപറഞ്ഞു. ''കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ നാമെല്ലാവരും അവർക്ക് 'ബ്ലഡി ഇന്ത്യൻസ്' ആയിരുന്നു. എന്നാൽ, ഐപിഎൽ ആരംഭിച്ചതോടെ, അവരെല്ലാവരും ഞങ്ങളുടെ പിറകെയാണ്. അത് എന്നെ അതിശയിപ്പിക്കുന്നു, പണം കാരണം, അവർ ഇപ്പോൾ ഞങ്ങളുടെ ബൂട്ട് നക്കുകയാണ്. എന്നാൽ തുടക്കത്തിൽ അവരുടെ യഥാർത്ഥ ഭാവം എന്തായിരുന്നുവെന്ന് അറിയാവുന്നവരാണ് എന്നെപ്പോലുള്ളവർ. ഇപ്പോഴവരുടെ സ്വരം മാറി. -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.