ട്വന്റി 20യിലെ അതിവേഗ സെഞ്ച്വറി, ഏറ്റവും കൂടുതൽ സിക്സർ; ഇന്ത്യൻ വംശജന് മുമ്പിൽ ഗെയിലിന്റെ റെക്കോഡും വീണു
text_fieldsഎപിസ്കോപി (സൈപ്രസ്): ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുടെയും ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയതിന്റെയും റെക്കോഡ് ഇനി ഇന്ത്യൻ വംശജന്‍ സഹില്‍ ചൗഹാന് സ്വന്തം. സൈപ്രസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എസ്റ്റോണിയക്കായി 27 പന്തിലാണ് താരം ശതകത്തിലെത്തിയത്. 2024 ഫെബ്രുവരിയിൽ നേപ്പാളിനെതിരെ 33 പന്തില്‍ സെഞ്ച്വറി നേടിയിരുന്ന നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണിന്‍റെ രാജ്യാന്തര റെക്കോഡാണ് ചൗഹാന്‍ മറികടന്നത്. ട്വന്റി 20 ചരിത്രത്തിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ചൗഹാന്‍ സ്വന്തം പേരിലാക്കിയത്. 2013ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുണെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോഡാണ് സഹില്‍ ചൗഹാന്റെ വെടിക്കെട്ടിൽ പഴങ്കഥയായത്.
ഒരു ട്വന്റി 20 ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിസ്കുകളെന്ന റെക്കോഡും ചൗഹാന്റെ പേരിലായി. മത്സരത്തില്‍ 18 സിക്സുകളും ആറ് ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 41 പന്തില്‍ 144 റണ്‍സെടുത്ത് പുറത്താകാതെനിന്ന താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 351.21 ആണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായ ചൗഹാൻ അടുത്ത മത്സരത്തിൽ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. താരത്തിന്റെ നാലാമത്തെ മാത്രം രാജ്യാന്തര മത്സരത്തിലാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൈപ്രസ് 17 പന്തിൽ 44 റൺസെടുത്ത തരൻജിത്ത് സിങ്ങിന്റെ കൂറ്റനടികളുടെ മികവിൽ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്റ്റോണിയക്ക് ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായെങ്കിലും പിന്നീടെത്തിയ ചൗഹാന്‍റെ വെടിക്കെട്ടില്‍ 13 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 21 റണ്‍സെടുത്ത ബിലാല്‍ മസൂദാണ് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ആറ് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച എസ്റ്റോണിയ പരമ്പരയില്‍ 2-0ന് മുന്നിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.