‘ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അച്ഛൻ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ സ്വർണ ചെയിൻ വിറ്റു’; ഇന്ത്യൻ ടീമിലേക്ക് ധ്രുവ് ജുറേലിന്റെ വരവിങ്ങനെ...
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായി ഇടംപിടിച്ച താരമാണ് ഉത്തർപ്രദേശുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. കെ.എൽ. രാഹുല്‍, കെ.എസ്. ഭരത് എന്നിവർക്കൊപ്പം മൂന്നാം വിക്കറ്റ് കീപ്പറായാണ് 22കാരൻ ഇടമുറപ്പിച്ചത്.
ആഗ്രയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ധ്രുവ് ജുറേലിന്റെ പിതാവ് സൈന്യത്തിൽ ഹവിൽദാറായിരുന്നു. ആർമി സ്കൂളിൽ പഠിക്കുമ്പോൾ പിതാവ് അറിയാതെയാണ് അവധി ദിനങ്ങളിൽ ക്രിക്കറ്റ് ക്യാമ്പിൽ ചേർന്നതെന്നും ഇതറിഞ്ഞ് ആദ്യം ദേഷ്യപ്പെട്ട അദ്ദേഹം പിന്നീട് കടം വാങ്ങി ബാറ്റ് വാങ്ങിനൽകിയെന്നും താരം വെളിപ്പെടുത്തി. ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടപ്പോൾ കളി നിർത്താനായിരുന്നു പിതാവിന്റെ നിർദേശം. എന്നാൽ, വാശി പിടിച്ചപ്പോൾ അമ്മ അവരുടെ സ്വർണ ചെയിൻ വിറ്റാണ് കിറ്റ് വാങ്ങി നൽകിയതെന്നും ജുറേൽ ‘ദൈനിക് ജാഗരൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘‘ഞാൻ ആർമി സ്കൂളിലാണ് പഠിച്ചത്. അവധി ദിനങ്ങളിൽ ആഗ്ര ഏകലവ്യ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ക്യാമ്പിൽ പങ്കെടുത്തിരുന്നു. പിതാവിനോട് പറയാതെയാണ് ഇവിടെ ചേരാനുള്ള ഫോം പൂരിപ്പിച്ചു നൽകിയത്. വിവരമറിഞ്ഞപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടു. എങ്കിലും, ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അദ്ദേഹം 800 രൂപ കടം വാങ്ങിനൽകി. പിന്നീട് ക്രിക്കറ്റ് കിറ്റ് വേണമെന്ന് പറഞ്ഞപ്പോൾ, അതിന്റെ വില എത്രയാണെന്ന് എന്നോട് ചോദിച്ചു. 6000 മുതൽ 7000 രൂപ വരെയാണെന്ന് പറഞ്ഞപ്പോൾ എന്നോട് കളി നിർത്താനാണ് പറഞ്ഞത്. എന്നാൽ, ഞാൻ വാശിപിടിച്ച് കുളിമുറിയിൽ വാതിലടച്ച് നിന്നു. പിന്നെ അമ്മ അവരുടെ സ്വർണ ചെയിൻ വിറ്റാണ് എനിക്ക് ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകിയത്’ -ധ്രുവ് ജുറേൽ പറഞ്ഞു.
ഉത്തർപ്രദേശിനായി അണ്ടർ 14, അണ്ടർ 16 മത്സരങ്ങൾ കളിച്ചാണ് ജുറേൽ കരിയർ തുടങ്ങിയത്. 2020ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിലും തിളങ്ങി. 2022ലെ ഐ.പി.എൽ മെഗാ താരലേലത്തിൽ 20 ലക്ഷം രൂപക്കാണ് താരത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ, കഴിഞ്ഞ സീസണിലാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഫിനിഷർ റോളിൽ തിളങ്ങിയതോടെ റോയൽസ് പ്ലേയിങ് ഇലവനിൽ സ്ഥാനമുറപ്പിച്ചു.
കഴിഞ്ഞ വർഷം വിദർഭക്കെതിരെയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഇതുവരെ 15 മത്സരങ്ങൾ കളിച്ച ജുറേൽ ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും അടക്കം 790 റൺസാണ് ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്. 46.47 റൺസാണ് ശരാശരി. അടുത്തിടെ ആലപ്പുഴയിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനെതിരെ 63 റൺസെടുത്തിരുന്നു. ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന ജുറേൽ രണ്ടാം മത്സരത്തിൽ 69 റൺസെടുത്തും ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.