ഹൈദരാബാദിന് വീണ്ടും തിരിച്ചടി; പിതാവ് മരിച്ചതിനെ തുടർന്ന് കരീബിയൻ താരം മടങ്ങി
text_fieldsദുബൈ: പിതാവ് മരിച്ചതിനെ തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ വെസ്റ്റിൻഡീസ് ബാറ്റർ ഷെർഫെയ്ൻ റൂഥർഫോഡ് െഎ.പി.എൽ ബയോബബ്ൾ വിട്ട് നാട്ടിലേക്ക് മടങ്ങി. താരത്തിന്‍റെ പിതാവിന്‍റെ നിര്യാണത്തിൽ ടീം ട്വിറ്റർ അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പേസർ ടി. നടരാജൻ കോവിഡ് പോസിറ്റീവായിരുന്നു. താരവുമായി അടുത്ത് ഇടപഴകിയ വിജയ് ശങ്കറും ഇതോടെ ഐസൊലേഷനിൽ കഴിയേണ്ടി വന്നു. റൂഥർഫോഡിന്‍റെ മടക്കം പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സിന് മറ്റൊരു തിരിച്ചടിയായി.
ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുടെ അഭാവത്തിലാണ് ഗയാനക്കാരനായ റൂഥർഫോഡിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. അടുത്തിടെ സമാപിച്ച കരീബിയൻ പ്രീമിയർ ലീഗിൽ താരം മികച്ച ഫോമിലായിരുന്നു. എങ്കിലും വിൻഡീസിന്‍റെ ട്വന്‍റി20 ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാനായിരുന്നില്ല.
ഇടംകൈയ്യൻ ബാറ്ററായ 23കാരൻ മുമ്പ് ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ റൂഥർഫോഡിനെ ആദ്യ ഇലവനിൽ കളിപ്പിച്ചിരുന്നില്ല.
എട്ട് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം വിജയിച്ച ടീമിന് പ്ലേഓഫ് സാധ്യത വിദൂരമാണ്. പഞ്ചാബ് കിങ്സിനെതിരെയാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.