ഹൈദരാബാദിനെതിരെ ചെന്നൈക്ക് 13 റൺസ് ജയം
text_fieldsപുണെ: തല മാറിയതോടെ ചെന്നൈയുടെ തലവരയും മാറി. മോശം പ്രകടനത്തെ തുടർന്ന് രവീന്ദ്ര ജദേജയിൽനിന്ന് എം.എസ്. ധോണി നായകസ്ഥാനമേറ്റെടുത്തതിനു പിന്നാലെ ജയത്തിലെത്തി ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിനാണ് ചെന്നൈ തോൽപിച്ചത്. രണ്ടിന് 202 റൺസടിച്ച ചെന്നൈ ഹൈദരാബാദിനെ ആറിന് 189ലൊതുക്കി. നികോളാസ് പൂരാൻ (33 പന്തിൽ 64 നോട്ടൗട്ട്) ആണ് ഹൈദരാബാദ് നിരയിൽ പൊരുതിയത്. ചെന്നൈക്കായി മുകേഷ് ചൗധരി നാലു വിക്കറ്റെടുത്തു.
ഒരു റണ്ണകലെ സെഞ്ച്വറി നഷ്ടമായ ഋതുരാജ് ഗെയ്ക്വാദും (57 പന്തിൽ 99) ഡെവോൺ കോൺവേയും (55 പന്തിൽ പുറത്താവാതെ 85) ആണ് ചെന്നൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഓപണിങ് വിക്കറ്റിൽ 107 പന്തിൽ 182 റൺസടിച്ചുകൂട്ടി. ഗെയ്ക്വാദ് ആറു വീതം സിക്സും ഫോറും പായിച്ചപ്പോൾ കോൺവേ നാലു സിക്സും എട്ടു ഫോറുമടിച്ചു. ഒടുവിൽ 18ാം ഓവറിൽ നടരാജന്റെ പന്തിൽ പുറത്താവുമ്പോൾ ഗെയ്ക്വാദ് 99ലെത്തിയിരുന്നു. വൺഡൗണായി ഇറങ്ങിയ ധോണി (8) കൂടി മടങ്ങിയെങ്കിലും ചെന്നൈ സ്കോർ 200 കടന്നു. ഹൈദരാബാദ് ബൗളർമാരിൽ ഭുവനേശ്വർ കുമാർ ഒഴികെ എല്ലാവരും അടി വാങ്ങി. കഴിഞ്ഞ കളിയിലെ അഞ്ചു വിക്കറ്റ് നേട്ടക്കാരൻ ഉംറാൻ മാലിക് നാല് ഓവറിൽ വിക്കറ്റില്ലാതെ 48 റൺസ് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.