ഓവലിൽ കലാശപ്പോര് നാളെ മുതൽ; കിരീടമെത്തുമോ?
text_fieldsലണ്ടൻ: 2013 ചാമ്പ്യൻസ് ട്രോഫിയിൽ കപ്പുയർത്തിയശേഷം ഇതുവരെയും ഐ.സി.സി കിരീടങ്ങൾ മാറോടുചേർക്കാനാവാത്ത ക്ഷീണം തീർക്കാൻ ഇന്ത്യ നാളെ ലണ്ടനിലെ ഓവൽ മൈതാനത്ത് ഇറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ചാമ്പ്യന്മാരെ നിർണയിക്കാനുള്ള കലാശപ്പോരിൽ ആസ്ട്രേലിയയുമായാണ് മുഖാമുഖം.
ഐ.പി.എല്ലിലെ വ്യക്തിഗത പ്രകടനങ്ങൾ കരുത്താക്കി ടീം ഇന്ത്യ സജ്ജമാണെങ്കിലും അവസാന ഭാഗ്യം കയ്യാലപ്പുറത്തുനിൽക്കുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്. നിലവിലെ പോയന്റ് പട്ടികയിൽ 19 ടെസ്റ്റുകളിൽ 66.67 പോയന്റ് നേടി ആസ്ട്രേലിയയാണ് ഒന്നാമതെത്തിയത്.
58.8 പോയന്റുള്ള ഇന്ത്യ രണ്ടാമന്മാരായാണ് ഫൈനലിനെത്തിയത്. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കങ്കാരുക്കളെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
കന്നി ഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യക്ക് കിരീടം നഷ്ടമായിരുന്നു. കോഹ്ലി നയിച്ച ഇന്ത്യയെ എട്ടു വിക്കറ്റിന് കടന്നായിരുന്നു സതാംപ്ടണിലെ റോസ് ബൗളിൽ കിവികൾ കിരീടമുയർത്തിയത്. ഇത്തവണ മത്സരം സമനിലയിലായാൽ ഇരു ടീമും കിരീടം പങ്കുവെക്കും. കാലാവസ്ഥ പ്രയാസമായാൽ ഒരു ദിവസം അധികം അനുവദിക്കും. ഇന്ത്യൻ സമയം 3.30ന് തുടങ്ങി 11 മണി വരെയാകും എല്ലാ ദിവസങ്ങളിലും മത്സരം.
കരുത്തോടെ ടീം ഇന്ത്യ
പരിക്കിൽ വലഞ്ഞ് ഋഷഭ് പന്തും ജസ്പ്രീത് ബുംറയുമില്ലാത്ത ടീമിൽ മറ്റെല്ലാവരും ഫിറ്റ്നസിലും ഫോമിലും പൂർണകരുത്തോടെയുണ്ട്. മുൻ ഉപനായകൻ അജിൻക്യ രഹാനെ തിരിച്ചെത്തിയപ്പോൾ അടുത്തിടെ ബാറ്റിങ് താളം കണ്ടെത്താനാകാത്ത സൂര്യകുമാർ യാദവിന് 15 അംഗ സ്ക്വാഡിലേക്ക് വിളി കിട്ടിയില്ലെന്നത് ശ്രദ്ധേയം. കുൽദീപ് യാദവും പരിക്കിലുള്ള ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരും പുറത്താണ്.
2022 ജനുവരിയിൽ ദേശീയ ടീമിൽ കളിച്ചശേഷം ആദ്യമായാണ് രഹാനെക്ക് വീണ്ടും വിളിയെത്തുന്നത്. ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ ശാർദുൽ ഠാകുർ, വിക്കറ്റിനു പിന്നിലെ വിശ്വസ്തൻ ഇശാൻ കിഷൻ എന്നിവരും ഇടമുറപ്പിച്ചിട്ടുണ്ട്. രവീന്ദ്ര ജദേജ, ആർ. അശ്വിൻ, അക്സർ പട്ടേൽ എന്നിവരടങ്ങുന്നതാണ് സ്പിൻ സ്ക്വാഡ്. റിസർവ് നിരയായി യശസ്വി ജയ്സ്വാൾ, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരുണ്ട്.
ടീം ഇന്ത്യ: രോഹിത് ശർമ (നായകൻ), രവിചന്ദ്രൻ അശ്വിൻ, കെ.എസ്. ഭരത്, ശുഭ്മൻ ഗിൽ, രവീന്ദ്ര ജദേജ, വിരാട് കോഹ്ലി, ഇശാൻ കിഷൻ, ചേതേശ്വർ പുജാര, അക്സർ പട്ടേൽ, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ ഠാകുർ, ജയ്ദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്.
കുട്ടിക്രിക്കറ്റ് വാഴുന്നു; ടെസ്റ്റ് മരിച്ചുപോകുമെന്ന ആധിയിൽ സ്റ്റീവ് സ്മിത്ത്
അതിവേഗം ട്വന്റി20 മത്സരങ്ങൾ ക്രിക്കറ്റ് ലോകത്ത് പിടിമുറുക്കുന്നത് ടെസ്റ്റിന് മരണമണിയാകുമെന്ന ആശങ്കയുമായി ആസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത്. ലോകം മുഴുക്കെ കുട്ടിക്രിക്കറ്റിനാണ് ജനം കാത്തുനിൽക്കുന്നത്. കൊച്ചുരാജ്യങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് തീരെ കുറച്ചു മാത്രം കളിക്കുന്നതാണ് നിലവിലെ കാഴ്ച. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങൾ മാത്രമാണ് മതിയായ അളവിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. എന്നാലും ടെസ്റ്റ് നിലനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.