ഫൈനൽ കോൾ
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പോയന്റ് പട്ടിക ശരിവെച്ച് ഒന്നാം ക്വാളിഫയർ ജയിച്ച് ഫൈനലിൽ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ശേഷിക്കുന്ന ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. പട്ടികയിൽ റൺറേറ്റ് ബലത്തിൽ രാജസ്ഥാനെ പിറകിലാക്കി രണ്ടാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയോട് തോൽക്കുകയായിരുന്നു. മൂന്നാമതായ സഞ്ജു സാംസണിന്റെ രാജസ്ഥാനാകട്ടെ അവസാന നിമിഷം കടന്നുകൂടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എലിമിനേറ്ററിൽ നാല് വിക്കറ്റിന് തോൽപിച്ച് ഇന്നത്തെ മത്സരത്തിന് ചെപ്പോക്കിലേക്ക് ടിക്കറ്റെടുത്തു. മേയ് 26ന് ഇതേ വേദിയിലാണ് കലാശപ്പോര്.
റൺ റെക്കോഡ് നിലവിലെ സീസണിൽ പലതവണ തിരുത്തിയ ബാറ്റർമാരാണ് ഹൈദരാബാദിന്റെ കരുത്തെങ്കിൽ രാജസ്ഥാന്റെ ബൗളർമാരാണ് കൂടുതൽ അപകടകാരികൾ; പ്രത്യേകിച്ച് സ്പിന്നർമാർ. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെന്റിച്ച് ക്ലാസൻ, നിതീഷ് റെഡ്ഡി തുടങ്ങിയ വമ്പനടിക്കാർ സൺ റൈസേഴ്സ് നിരയിലുണ്ട്. ഇവർക്ക് മറുപടി നൽകാൻ രാജസ്ഥാൻ കരുതിവെക്കുന്നത് രണ്ട് വജ്രായുധങ്ങളെയാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും യുസ്വേന്ദ്ര ചാഹലും ഹൈദരാബാദിന്റെ റൺ മെഷീനുകൾക്ക് വെല്ലുവിളി സൃഷ്ടിക്കും. പേസർമാരായ ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, ആവേഷ് ഖാൻ എന്നിവരും വിശ്വസ്തരാണ്.
അതേസമയം, സഞ്ജു ഉൾപ്പെടുന്ന രാജസ്ഥാൻ ബാറ്റിങ് നിരയെ പരീക്ഷിക്കാൻ ശേഷിയുള്ള സ്പിന്നർമാർ സൺ റൈസേഴ്സ് നിരയിൽ ഇല്ല. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഭുവനേശ്വർ കുമാർ, ചെപ്പോക്കിൽ കളിച്ച് പരിചയമുള്ള ടി. നടരാജൻ തുടങ്ങിയ പേസ് ബൗളർമാരുടെ കരുത്തിൽ എതിരാളികളെ പിടിച്ചുകെട്ടാമെന്നാണ് സൺറൈസേഴ്സ് പ്രതീക്ഷ. റയാൻ പരാഗ് മിന്നും ഫോമിലുള്ളതും മധ്യനിരയിൽ ഷിമ്രോൺ ഹിറ്റ്മെയറും റോവ്മാൻ പവലും വെടിക്കെട്ട് പുറത്തെടുക്കുന്നത് രാജസ്ഥാന് അനുകൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.