വാംഖഡെയിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ
text_fieldsമുംബൈ: 2011 ഏപ്രിലിലെ ആ രാത്രി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരു കാലത്തും മറക്കില്ല. ശ്രീലങ്കയെ തോൽപിച്ച് മഹേന്ദ്ര സിങ് ധോണിയുടെ പടയാളികൾ ഏകദിന ലോകകിരീടം ഉയർത്തിയത് അന്നാണ്. ആ പ്രകടനത്തിന്റെ അടുത്തെത്താൻ പിന്നീട് ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 12 വർഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയം വേദിയാവുമ്പോൾ എതിരാളികൾ ശ്രീലങ്ക തന്നെ. അന്ന് ഇരുഭാഗത്തുമായി അണിനിരന്ന 22 പേരിൽ ഒരാൾ മാത്രമാണ് നിലവിൽ കളത്തിലുള്ളത്.
ഇന്ത്യയുടെ മിന്നും താരമായി ഇന്നും വെട്ടിത്തിളങ്ങുന്ന വിരാട് കോഹ് ലി. തുടർച്ചയായ ആറ് ജയങ്ങളുമായി സെമി ഫൈനലിന് തൊട്ടരികിലുള്ള രോഹിത് ശർമയുടെ സംഘം ജൈത്രയാത്ര തുടരാനുറച്ചാണിറങ്ങുന്നത്. ആറിൽ നാലും തോറ്റ് പുറത്തേക്കുള്ള വഴിയിലായ ലങ്കക്ക് പരാജയം ആവർത്തിച്ചാൽ പിന്നെ കാത്തിരിക്കാനില്ല.ബാറ്റിങ്ങിലും ബൗളിങ്ങിലും ഉജ്ജ്വല ഫോമിലാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 229 റൺസിലൊതുങ്ങിയത് ഇന്ത്യയെ അലട്ടുന്നുണ്ട്. ഓപണർ ശുഭ്മൻ ഗില്ലും മധ്യനിരയിൽ ശ്രേയസ് അയ്യരും സ്ഥിരതയില്ലായ്മ പ്രകടിപ്പിക്കുന്നതാണ് പ്രധാന തലവേദന.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുഹമ്മദ് ഷമിക്കും സൂര്യകുമാർ യാദവിനും അവസരം ലഭിച്ചപ്പോൾ ശാർദുൽ ഠാകുറും ബെഞ്ചിലായി. പ്രതീക്ഷകൾക്കും അപ്പുറത്തായി ഷമിയുടെ മികവ്. രണ്ട് മത്സരങ്ങളിൽ വീഴ്ത്തിയത് ഒമ്പത് വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ സൂര്യ ബാറ്റിങ്ങിൽ മോശമാക്കിയില്ല. ആദ്യ ഇലവനിൽ ചെറിയ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
തുടർ തോൽവികളും പരിക്കുകളും കാരണം മുറിവേറ്റ അവസ്ഥയിലാണ് മുൻ ചാമ്പ്യന്മാരായ ലങ്ക. കുശാൽ മെൻഡിസ് നയിക്കുന്ന ദ്വീപുകാർക്കായി ബാറ്റിങ്ങിൽ അവസരത്തിനൊത്തുയർന്നത് സദീര സമരവിക്രമ മാത്രം. ബൗളർമാരുടെ കാര്യവും തഥൈവ.
ടീം ഇവരിൽ നിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്.
ശ്രീലങ്ക: കുസാൽ മെൻഡിസ് (ക്യാപ്റ്റൻ), കുശാൽ പെരേര, പാത്തും നിസ്സങ്ക, ലാഹിരു കുമാര, ദിമുത് കരുണരത്നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുനിത് വെല്ലലാഗെ, കസുൻ രജിത, എയ്ഞ്ചലോ മാത്യൂസ്, ദിൽഷൻ മധുശങ്ക, ദുഷൻ ഹേമന്ദ, ചമിക കരുണരത്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.