'ഫയർ ബ്രാൻഡ് സഞ്ജു'; ആ പേര് കേട്ടാൽ മതി, യു.എസിലും ഗാലറികൾ ആർപ്പുവിളിക്കാൻ -VIDEO
text_fieldsലൗഡർഹിൽ (ഫ്ലോറിഡ): ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ മാറിക്കഴിഞ്ഞിട്ടുണ്ട്. ബാറ്റുകൊണ്ട് വെടിക്കെട്ട് തീർക്കുന്ന സഞ്ജു തന്‍റെ പ്രതിഭ തെളിയിച്ചിട്ടും സെലക്ടർമാർ നിരന്തരം തഴയുന്നതിൽ പ്രതിഷേധിച്ച് ക്രിക്കറ്റിലെ പ്രമുഖ താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരും സഞ്ജുവിനെ ഏറെ പിന്തുണക്കുന്ന കാഴ്ച കണ്ടതാണ്.
സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കുമ്പോൾ ഗാലറി ഇളകിമറിയുന്ന കാഴ്ച പലതവണ വൈറലായതാണ്. ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ 'സഞ്ജു, സഞ്ജു' വിളികൾ നിറയുന്ന ഗാലറികൾ ഏറെ കണ്ടതാണ്. ഇപ്പോഴിതാ, അങ്ങ് അമേരിക്കയിലും തനിക്ക് ആരാധകരേറെയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സഞ്ജു. വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിനത്തിന്‍റെ ടീം പ്രഖ്യാപനത്തിനിടെയായിരുന്നു ഇത്.
യു.എസിലെ ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് നാലാം മത്സരം നടന്നത്. ക്യാപ്റ്റൻ രോഹിത് ശർമ ടോസ് സമയത്ത് ആരൊക്കെയാണ് പ്ലേയിംഗ് ഇലവനിലുള്ളത് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 'ഞങ്ങളുടെ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ടീമില്‍, രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ കളിക്കുന്നു' - സഞ്ജു കളിക്കുമെന്ന് രോഹിത് പറഞ്ഞപ്പോഴേക്കും അത്രനേരവും നിശബ്ദമായ ഗാലറി അലറിവിളിച്ചു. സഞ്ജു, സഞ്ജു വിളികൾ ഉയർന്നു. ആർപ്പുവിളികൾ കേട്ട് ഒരു നിമിഷം നിർത്തിയ ശേഷമാണ് രോഹിത് സംസാരം തുടർന്നത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നേരത്തെ, സമാന രീതിയില്‍ അയര്‍ലന്‍ഡിലും സഞ്ജുവിന്റെ പേര് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറയുമ്പോള്‍ സ്‌റ്റേഡിയം ആര്‍പ്പുവിളിച്ചിരുന്നു.
നാലാം ട്വന്റി20 മത്സരത്തിൽ 191 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത്. വിൻഡീസ് പോരാട്ടം 132ൽ അവസാനിപ്പിച്ച് പരമ്പര പിടിക്കുകയായിരുന്നു. 59 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ നാലു കളികളിൽ മൂന്നും കൈയിലാക്കിയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 19.1 ഓവറിൽ 132 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ശ്രേയസ് അയ്യർക്ക് പകരമാണ് സഞ്ജു ആദ്യ ഇലവനിൽ ഇറങ്ങിയത്. 23 പന്തിൽ 30 റൺസുമായി താരം പുറത്താവാതെ നിന്നു.
ഋഷഭ് പന്ത് (31 പന്തിൽ 44), രോഹിത് ശർമ (16 പന്തിൽ 33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ റൺവേട്ടക്ക് മുന്നിൽനിൽക്കാൻ ഒരാൾ പോലുമില്ലാതെയായിരുന്നു വിൻഡീസ് തകർച്ച. അർഷ്ദീപ് സിങ് മൂന്നും ആവേശ് ഖാൻ, അക്സർ പട്ടേൽ, രവി ബിഷ്‍ണോയ് എന്നിവർ രണ്ടു വീതവും വിക്കറ്റു വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.