ലോകകപ്പിൽ 50 സിക്സ് നേടുന്ന ആദ്യ ബാറ്റർ; സെമിയിൽ രോഹിതിന് റെക്കോഡിന്റെ തിളക്കം
text_fieldsമുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറടിച്ച റെക്കോഡ് ഇനി ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് സ്വന്തം. ലോകകപ്പിൽ ആദ്യമായി 50 സിക്‌സടിച്ച് വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിന്റെ റെക്കോഡാണ് മറികടന്നത്. 49 സിക്‌സായിരുന്നു ഗെയിലിന്റെ സമ്പാദ്യം. ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ നാല് സിക്സാണ് രോഹിത് അടിച്ചുകൂട്ടിയത്. 27 ഇന്നിങ്സില്‍ നിന്നാണ് രോഹിത് 50 സിക്സിലെത്തിയത്. 34 മത്സരത്തിൽ നിന്നാണ് ക്രിസ് ഗെയിൽ 49 എണ്ണം നേടിയത്. 23 കളിയിൽ 43 സിക്‌സുമായി െഗ്ലൻ മാക്‌സ്‌വെല്ലും 22 കളിയിൽനിന്ന് 37 സിക്‌സുമായി എബി ഡിവില്ലിയേഴ്‌സും 27 കളിയിൽ 37 സിക്‌സ് നേടിയ ഡേവിഡ് വാർണറുമാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
ഒറ്റ ലോകകപ്പിൽ എറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോഡും ഇനി ഹിറ്റ്മാന്റെ പേരിലാണ്. ഇതിലും ഗെയിലിനെ തന്നെയാണ് പിറകിലാക്കിയത്. 2015 ലോകകപ്പിൽ 26 സിക്സടിച്ച ഗെയിലിന്റെ റെക്കോഡാണ് മറികടന്നത്. ലോകകപ്പിൽ 1500 റൺസ് എന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
സെമിയിൽ 29 പന്തിൽ നാല് സിക്സും അത്രയും ഫോറുമടക്കം 47 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടിം സൗത്തിയുടെ പന്ത് സിക്സടിച്ച് അർധസെഞ്ച്വറി പൂർത്തിയാക്കാനുള്ള നായകന്റെ ശ്രമം പാളിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറെ ദൂരം പിന്നിലേക്കോടി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 30 ഓവർ പിന്നിടുമ്പോൾ ഒന്നിന് 214 റൺസെന്ന നിലയിലാണ് ഇന്ത്യ. 65 റൺസുമായി വിരാട് കോഹ്‍ലിയും 19 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 65 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 79 റൺസെടുത്ത ശുഭ്മൻ ഗിൽ കാലിലെ പരിക്ക് കാരണം ബാറ്റിങ് തുടരാനാവാതെ തിരിച്ചുകയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.