'ആദ്യം ദേശസ്‌നേഹിയാകൂ'; ലോകകപ്പ് മത്സരങ്ങള്‍ കാണില്ലെന്നു പറഞ്ഞ റിയാന്‍ പരാഗിനെ ഉപദേശിച്ച് ശ്രീശാന്ത്
text_fieldsന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുമ്പായി യുവതാരം റിയാന്‍ പരാഗ് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ടീമില്‍ ഉള്‍പ്പെടാത്തതിനാല്‍ തനിക്ക് ലോകകപ്പ് കാണാന്‍ താല്‍പര്യമില്ല എന്നായിരുന്നു പരാഗിന്റെ പ്രതികരണം. ഈ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ എസ്. ശ്രീശാന്ത്.
''തങ്ങള്‍ സെലക്ട് ചെയ്യപ്പെടാത്തതിനാല്‍ ലോകകപ്പ് കാണില്ലെന്ന് ചില യുവതാരങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം നിങ്ങള്‍ ഒരു ദേശസ്‌നേഹിയാകണം അതിനുശേഷം ഒരു ക്രിക്കറ്റ് പ്രേമിയും. രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടി വ്യക്തിഗത നേട്ടത്തെ മറക്കുന്നവരാകണം യഥാര്‍ഥ ദേശസ്‌നേഹികള്‍. വ്യക്തിപരമായ നിരാശകള്‍ക്ക് അപ്പുറം സെലക്ടര്‍മാരുടെ തീരുമാനത്തെ അംഗീകരിക്കാനുള്ള മനസ്സ് യുവതാരങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടവരാകട്ടെ, പൂര്‍ണമായും ടീമിന് വേണ്ടി അവരുടെ മനസും ശരീരവും സമര്‍പ്പിക്കണം' -ശ്രീശാന്ത് പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ പരാഗ് ഇക്കഴിഞ്ഞ സീസണില്‍ 531 റണ്‍സാണ് നേടിയത്. ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ എത്താന്‍ സാധ്യതയുള്ള നാല് ടീമുകളുടെ പേര് ചോദിച്ചപ്പോഴായിരുന്നു വിവാദ പരാമര്‍ശം. സെമിഫൈനലിസ്റ്റുകളെ പ്രവചിക്കുക എന്നത് പോയിട്ട് കളി കാണാന്‍ പോലും താല്‍പര്യമില്ല എന്നായിരുന്നു പരാഗിന്റെ പ്രതികരണം. താന്‍ ലോകകപ്പ് കളിക്കുമ്പോഴായിരിക്കും ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക എന്നും പരാഗ് പറഞ്ഞിരുന്നു.
അതേസമയം ഈ മാസം ആറിന് ആരംഭിക്കുന്ന സിംബാബ്വെക്ക് എതിരായ പരമ്പരയില്‍ പരാഗിന് ഇടം ലഭിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന സംഘത്തില്‍ അഭിഷേക് ശര്‍മ, തുഷാര്‍ ദേശ പാണ്ഡെ, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കും അരങ്ങേറ്റത്തിന് അവസരം ലഭിക്കും. മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.