ഹാവൂ, ആശ്വാസം; മുംബൈക്ക് ആദ്യ ജയം
text_fieldsമുംബൈ: എട്ട് തുടർ തോൽവികളോടെ ടൂർണമെന്റിൽനിന്ന് ഏകദേശം പുറത്തായ മുംബൈ ഇന്ത്യൻസിന് ഐ.പി.എല്ലിൽ ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെയാണ് അഞ്ച് വിക്കറ്റിന് മുംബൈ തകർത്തത്.
സൂര്യകുമാർ യാദവ് (51), തിലക് വർമ (35), ഇഷൻ കിഷൻ (26), ടിം ഡേവിഡ് (20*) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈക്ക് തുണയായത്. രണ്ട് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. തകർപ്പൻ ഫോം തുടരുന്ന ജോസ് ബട്ലറുടെ ബാറ്റിങ് (52 പന്തിൽ 67) ആണ് രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. നിയന്ത്രണത്തോടെ പന്തെറിഞ്ഞ മുംബൈ ബൗളർമാർ കാര്യമായ സ്വാതന്ത്ര്യമനുവദിക്കാതിരുന്നതാണ് രാജസ്ഥാനെ കുഴക്കിയത്.
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ റിലെ മെറഡിത്തും ഋത്വിക് ഷോകീനുമാണ് മുംബൈ ബൗളർമാരിൽ തിളങ്ങിയത്. ഡാനിയൽ സാംസും അരങ്ങേറ്റക്കാരൻ കുമാർ കാർത്തികേയയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇടംകൈയൻ സ്പിന്നറായ കാർത്തികേയ നാലോവറിൽ 19 റൺസ് മാത്രമേ വഴങ്ങിയുള്ളൂ. രാജസ്ഥാൻ നിരയിൽ ക്യാപ്റ്റൻ സഞ്ജു സാംസണും (16) ദേവ്ദത്ത് പടിക്കലിനും (15) ഡാരിൽ മിച്ചലിനും (17) തുടക്കം മുതലാക്കാനായില്ല.
അവസാന ഘട്ടങ്ങളിൽ അടിച്ചുതകർക്കാൻ കഴിവുള്ള ഷിംറോൺ ഹെറ്റ്മെയറിന് 14 പന്തിൽ പുറത്താവാതെ ആറു റൺസെടുക്കാനേ ആയുള്ളൂ. തുടക്കത്തിൽ തപ്പിത്തടഞ്ഞ ബട്ലർ അവസാനം സ്പിന്നർ ഷോകീന്റെ ഒരോവറിൽ തുടർച്ചയായ നാലു സിക്സടിച്ചാണ് സ്കോറുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.