രഞ്ജിയിൽ കേരളത്തിന് സീസണിലെ ആദ്യ ജയം; ബംഗാളിനെ വീഴ്ത്തിയത് 109 റൺസിന്
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ബംഗാളിനെ 109 റൺസിനാണ് കേരളം വീഴ്ത്തിയത്. 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ അവസാന ദിനമായ തിങ്കളാഴ്ച അവസാന സെഷനില്‍ 339 റണ്‍സിന് ഓള്‍ ഔട്ടായി.
സ്കോര്‍: കേരളം -363, 265-6. ബംഗാള്‍- 180, 339. ജലജ് സക്സേനയുടെ തകർപ്പൻ ബൗളിങ്ങാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റുകളും നേടി സക്സേന മത്സരത്തിലെ താരമായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ബംഗാൾ ബാറ്റിങ്ങിന് ഇറങ്ങിയത്. ജയിക്കാൻ വേണ്ടിയിരുന്നത് 372 റണ്‍സ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനായതാണ് കേരളത്തിന്‍റെ വിജയത്തിൽ നിർണായകമായത്.
ബംഗാളിനായി ഏഴാമനായി ഇറങ്ങിയ ഷഹബാസ് അഹമ്മദിന്‍റെയും എട്ടാമനായി ഇറങ്ങിയ കരണ്‍ ലാലിന്‍റെയും ചെറുത്തുനിൽപ് അവസാന സെഷനില്‍ കേരളത്തിന്‍റെ ചങ്കിടിപ്പ് കൂട്ടി. 100 പന്തിൽ 80 റൺസെടുത്ത ഷഹബാസിനെ ബേസില്‍ തമ്പിയും 78 പന്തിൽ 40 റൺസെടുത്ത കരണ്‍ ലാലിനെ ബാസിലും പുറത്താക്കിയതോടെ ബംഗാളിന്‍റെ പോരാട്ടം അവസാനിച്ചു. ഓപ്പണർ അഭിമന്യു ഈശ്വരൻ 119 പന്തിൽ 65 റൺസെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്സിലും താരം (71 റൺസ്) അർധ സെഞ്ച്വറി നേടിയിരുന്നു.
കേരളത്തിനായി ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ബാസിൽ ഒരു വിക്കറ്റും നേടി. ക്രീസിൽ നിലയുറപ്പിച്ച അഭിമന്യുവിനെ പുറത്താക്കി ജലജ് സക്സേന ഒരിക്കല്‍ കൂടി കേരളത്തിന്‍റെ രക്ഷകനായി. അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ മടക്കി. അഭിഷേക് പോറലിനെ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍ ബംഗാളിന്‍റെ തകര്‍ച്ച വേഗത്തിലാക്കി. 35 റൺസെടുത്ത നായകൻ മനോജ് തിവാരി ജലജിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകി മടങ്ങി.
ഏഴാം വിക്കറ്റിൽ കരണ്‍ ലാലും ഷഹബാസ് അഹമ്മദും ചേർന്നത് ബംഗാളിന് നേരിയ പ്രതീക്ഷ നൽകിയിരുന്നു. ഇരുവരും 83 റൺസാണ് കൂട്ടിച്ചേർത്തത്. കേരളത്തിനായി ഒരു ബൗളർ നേടുന്ന മികച്ച രണ്ടാമത്തെ പ്രകടനമാണ് ജലജ് തുമ്പയിൽ നേടിയത്. 1971-72 സീസണിൽ കേരളത്തിനായി ഇറങ്ങിയ അമർജിത് സിങ് ആന്ധ്രക്കെതിരെ 45 റൺസ് വഴങ്ങി ഒമ്പത് വിക്കറ്റ് നേടിയതാണ് രഞ്ജിയിലെ കേരള ബൗളറുടെ മികച്ച പ്രകടനം.
ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ച കേരളത്തിന് സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളിൽനിന്ന് ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയും അടക്കം 14 പോയന്‍റാണുള്ളത്. ആറ് മത്സരങ്ങളില്‍നിന്ന് 30 പോയന്‍റുള്ള മുംബൈ ആണ് എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.