യു.എസ്.എക്കെതിരെ ഇന്ത്യക്ക് അഞ്ച് റൺസ് ‘ദാനം’; കാരണം തിരഞ്ഞ് സമൂഹ മാധ്യമങ്ങൾ
text_fieldsന്യൂയോർക്ക്: ക്രിക്കറ്റിലെ അത്യപൂർവമായൊരു പിഴ നടപടിക്കാണ് ട്വന്റി 20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-യു.എസ്.എ മത്സരം സാക്ഷ്യം വഹിച്ചത്. യു.എസ്.എക്കെതിരെ ഇന്ത്യക്ക് അഞ്ച് റൺസ് ‘ദാനം’ ലഭിച്ചപ്പോൾ ആദ്യം അമ്പരന്ന ആരാധകർ പിന്നീട് അതിലേക്ക് നയിച്ച കാരണവും നിയമവും തിരഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ചർച്ച തുടങ്ങി. ഓവറുകൾക്കിടയിലെ സമയപരിധി മൂന്നുതവണ ലംഘിച്ചതാണ് യു.എസ്.എക്ക് തിരിച്ചടിയും ഇന്ത്യക്ക് അനുഗ്രഹവുമായത്.
ഐ.സി.സി നിയമപ്രകാരം ട്വന്റി 20 ലോകകപ്പിൽ ഒരോവർ പൂർത്തിയാക്കി 60 സെക്കൻഡിനകം അടുത്ത ഓവർ തുടങ്ങിയിരിക്കണം. ഇത് ലംഘിച്ചാൽ ആദ്യതവണ അമ്പയർ ഫീൽഡിങ് ടീമിന്റെ ക്യാപ്റ്റന് മുന്നറിയിപ്പ് നൽകുകയും ക്രീസിലുള്ള ബാറ്റർമാരെയും സഹ അമ്പയറെയും വിവരം അറിയിക്കുകയും ചെയ്യും. രണ്ടാമതും ഇത് ആവർത്തിച്ചാൽ അമ്പയർ ക്യാപ്റ്റന് അന്തിമ മുന്നറിയിപ്പ് നൽകുകയും ബാറ്റർമാരെയും സഹ അമ്പയറെയും അറിയിക്കുകയും ചെയ്യും. മൂന്നാമതും ഓവർ ആരംഭിക്കാൻ വൈകിയാൽ എതിർ ടീമിന് അഞ്ച് റൺസ് നൽകണമെന്നാണ് ഐ.സി.സി നിയമം.
16ാം ഓവർ എറിയുന്നതിന് മുമ്പാണ് യു.എസ്.എക്ക് അഞ്ച് റൺസ് പിഴ ലഭിക്കുന്നത്. ആ സമയത്ത് 15 ഓവറിൽ ഇന്ത്യയുടെ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 റൺസായിരുന്നു. അപ്പോൾ വേണ്ടിയിരുന്നത് 30 പന്തിൽ 35 റൺസ്. അഞ്ച് റൺസ് കൂടി ‘ദാനം’ ലഭിച്ചതോടെ സ്കോർ 81 ആയി. ലക്ഷ്യം 30 പന്തിൽ അത്രയും റൺസുമായി. ക്രീസിലുണ്ടായിരുന്ന സൂര്യകുമാർ യാദവും ശിവം ദുബെയും കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യമാണ് മുന്നിൽവെച്ചത്. 44 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്കായി സൂര്യകുമാർ യാദവ് 49 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 50 റൺസുമായും ശിവം ദുബെ 35 പന്തിൽ ഒന്ന് വീതം സിക്സും ഫോറുമടക്കം 31 റൺസുമായും പുറത്താകാതെ നിന്നു. 10 പന്തുകൾ ശേഷിക്കെയായിരുന്നു ഇന്ത്യൻ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.