മിന്നി നിധീഷ്, അഞ്ചു വിക്കറ്റ്; രഞ്ജി ക്വാർട്ടറിൽ കേരളത്തിന് മേൽക്കൈ
text_fieldsപുണെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്റെ ആദ്യ ദിവസം ജമ്മു-കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. കളി നിർത്തുമ്പോൾ ജമ്മു-കശ്മീർ എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ ബൗളിങ് മികവാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്.
ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. മുൻനിര ബാറ്റർമാരെ ചെറിയ സ്കോറിന് പുറത്താക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നൽകി. ഈ സീസണിൽ കശ്മീരിനുവേണ്ടി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശുഭം ഖജൂരിയ ആണ് ആദ്യം മടങ്ങിയത്. നിധീഷിന്റെ പന്തിൽ സചിൻ ബേബി ക്യാച്ചെടുത്താണ് 14 റൺസെടുത്ത ശുഭം പുറത്തായത്. 24 റൺസെടുത്ത യാവർ ഹസനെയും എട്ട് റൺസെടുത്ത വിവ്രാന്ത് ശർമയെയും നിധീഷ് തന്നെ മടക്കി. ക്യാപ്റ്റൻ പരസ് ദോഗ്രയെ (14) ബേസിൽ തമ്പിയും പുറത്താക്കിയതോടെ നാല് വിക്കറ്റിന് 67 റൺസെന്നനിലയിലായി കശ്മീർ.
തുടർന്നെത്തിയ കനയ്യ വധാവൻ, സാഹിൽ ലോത്ര, ലോൺ നാസിർ മുസാഫർ എന്നിവരുടെ ഇന്നിങ്സുകളാണ് കശ്മീരിന് തുണയായത്. കനയ്യ വധാവനും സാഹിൽ ലോത്രയും ചേർന്ന കൂട്ടുകെട്ടിൽ 55 റൺസ് പിറന്നപ്പോൾ, സാഹിൽ ലോത്രയും ലോൺ നാസിർ മുസാഫിറും ചേർന്ന് 51 റൺസും കൂട്ടിച്ചേർത്തു. കനയ്യയെയും ലോൺ നാസിറിനെയും പുറത്താക്കി നിധീഷാണ് കളി വീണ്ടും കേരളത്തിന് അനുകൂലമാക്കിയത്. കനയ്യ 48ഉം ലോൺ നാസിർ 44ഉം, സാഹിൽ ലോത്ര 35ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി ബേസിൽ എൻ.പിയും ആദിത്യ സർവാതെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കളി നിർത്തുമ്പോൾ യുധ്വീർ സിങ്ങ് 17 റൺസോടെയും ആക്വിബ് നബി അഞ്ച് റൺസോടെയും ക്രീസിലുണ്ട്.
മറ്റു മത്സരങ്ങളിൽ വിദർഭ തമിഴ്നാടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 264 റൺസും ഹരിയാനക്കെതിരെ മുംബൈ എട്ടുവിക്കറ്റിന് 278ഉം നേടിയിട്ടുണ്ട്. സൗരാഷ്ട്ര-ഗുജറാത്ത് ക്വാർട്ടറിൽ സൗരാഷ്ട്ര 216 റൺസിൽ ഒതുങ്ങിയപ്പോൾ ഗുജറാത്ത് വിക്കറ്റ് പോകാതെ 21 റൺസും നേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.