ഫ്ലോറിഡയില്‍ പ്രളയം; ഇന്ത്യയുടെയും പാകിസ്താന്‍റെയും അവസാന ഗ്രൂപ്പ് മത്സരം നടന്നേക്കില്ല
text_fieldsന്യൂയോർക്ക്: ഫ്ലോറിഡയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെട്ടത് ട്വന്‍റി20 ലോകകപ്പ് മത്സരങ്ങൾക്കും ഭീഷണിയാകും. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലെ ബാക്കിയുള്ള മൂന്നു മത്സരങ്ങളും നടക്കുന്നത് ഫ്ലോറിഡയിലെ സെൻട്രൽ റീജനൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലാണ്.
ഇന്ത്യ മാത്രമാണ് ഇതിനകം സൂപ്പർ എട്ടിലേക്ക് ഗ്രൂപ്പിൽനിന്ന് യോഗ്യത നേടിയത്. രണ്ടാമത്തെ ടീമിനെ തീരുമാനിക്കുന്നതിൽ ഗ്രൂപ്പിലെ ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്. പാകിസ്താൻ, യു.എസ്.എ ടീമുകളിലൊന്നിനാണ് സാധ്യതയുള്ളത്. ഈമാസം 14ന് യു.എസ്.എ അയർലൻഡിനെയും 15ന് ഇന്ത്യ കാനഡയെയും 16ന് പാകിസ്താൻ അയർലൻഡിനെയുമാണ് നേരിടുന്നത്. മിന്നൽ പ്രളയത്തെ തുടർന്ന് ഈ മൂന്നു മത്സരങ്ങളും നടക്കാനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത മത്സരത്തിൽ യു.എസ്.എ ജയിച്ചാൽ ചരിത്ര നേട്ടമാകും. പ്രഥമ ടൂർണമെന്‍റിൽ തന്നെ ആതിഥേയർ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടും. അങ്ങനെയെങ്കിൽ പാകിസ്താന് അയർലൻഡിനെതിരെയുള്ള മത്സരം ജയിച്ചിട്ടും കാര്യമുണ്ടാകില്ല, അവർ ട്വന്‍റി20 ലോകകപ്പിൽനിന്ന് പുറത്താകും. 2009 ലോകകപ്പ് ചാമ്പ്യന്മാർക്ക് അടുത്ത വിമാനത്തിൽ നാട്ടിലേക്ക് പറക്കാം.
യു.എസ്-അയർലൻഡ് മത്സരം നടന്നില്ലെങ്കിൽ ടീമുകൾ പോയന്‍റ് പങ്കുവെക്കുന്നതോടെ ആതിഥേയർ അഞ്ചു പോയന്‍റുമായി സൂപ്പർ എട്ടിലെത്തും. അങ്ങനെയെങ്കിൽ പാകിസ്താൻ-അയർലൻഡ് മത്സര ഫലത്തിന് പ്രസക്തിയുണ്ടാകില്ല. യു.എസ് തോൽക്കുകയും പാകിസ്താൻ അയർലൻഡിനെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമാണ് ബാബർ അസമിനും സംഘത്തിനും സൂപ്പർ എട്ട് യോഗ്യത നേടാനാകു.
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുക. നിലവിൽ ഗ്രൂപ്പ് എയിൽ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ആറു പോയന്‍റാണുള്ളത്. രണ്ടു മത്സരങ്ങൾ ജയിച്ച യു.എസിന് നാലു പോയന്‍റും ഒരു മത്സരം വീതം ജയിച്ച പാകിസ്താനും കാനഡക്കും രണ്ടു പോയന്‍റ് വീതവും. അയർലൻഡ് കളിച്ച രണ്ടു മത്സരങ്ങളും തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.