ഹാർദികിന്റെ ഇടപെടൽ ദുരൂഹം, അതോടെ കളിയുടെ ഗതിമാറി -സുനിൽ ഗവാസ്കർ
text_fieldsഅഹമ്മദാബാദ്: കൈയ്യെത്തും ദൂരത്ത് നിന്ന് ഐ.പി.എൽ കിരീടം നഷ്ടപ്പെടുത്തിയ ഗുജറാത്ത് ടൈറ്റൻസിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നു. നന്നായി പന്തെറിഞ്ഞുകൊണ്ടിരിക്കെ മോഹിത് ശർമയോട് സംസാരിച്ച ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ നടപടി അനാവശ്യവും ദുരൂഹവുമാണെന്ന് സുനിൽ ഗവാസ്കറും വിരേന്ദർ സെവാഗും കുറ്റപ്പെടുത്തി.
അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരിക്കെ, മോഹിത് ശർമയാണ് ബൗൾ ചെയ്തത്. ആദ്യത്തെ നാല് പന്തിൽ മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് പന്തിൽ 10 പത്ത് റൺസ് വേണ്ട സമയത്താണ് ഹാർദിക് പാണ്ഡ്യ മോഹിതിനോട് സംസാരിക്കുന്നത്. അടുത്ത പന്തിൽ സിക്സും അവസാന പന്തിൽ ഫോറുമടിച്ച് രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചു. ഹർദികിന്റെ ഇടപെടലും അപ്രതീക്ഷിത ജയവുമാണ് വിമർശന വിധേയമാകുന്നത്.
‘‘ഓവറിലെ ആദ്യ നാലു പന്തുകൾ മികച്ച രീതിയിലാണ് എറിഞ്ഞത്. അതിനുശേഷം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് മോഹിത്തിന് കുടിക്കാൻ വെള്ളം കൊണ്ടുകൊടുക്കുന്നത്. പിന്നാലെ ഹാർദിക് പാണ്ഡ്യ അടുത്തെത്തി താരത്തോട് സംസാരിച്ചു. ഒരു ബൗളർ ആത്മവിശ്വാസത്തോടെ, ശ്രദ്ധയോടെ പന്തെറിയുമ്പോൾ, താരത്തോട് ആരും ഒന്നും പറയാതിരിക്കുകയാണ് വേണ്ടത്. ദൂരെ നിന്നു പോലും, വേണമെങ്കിൽ മികച്ച ബൗളിങ് എന്നു പറയാം. താരത്തിന്‍റെ അടുത്തുപോയി സംസാരിച്ചത് ശരിയായില്ല. അതുവരെ ശ്രദ്ധയോടെ പന്തെറിഞ്ഞ താരം പിന്നീടാണ് റൺസ് വഴങ്ങിയത്’’ -ഗവാസ്കർ പറഞ്ഞു.
‘‘ഒരാൾ നന്നായി പന്തെറിയുമ്പോൾ, നിങ്ങൾ എന്തിന് പോയി താരത്തോട് സംസാരിക്കണം? രണ്ടു പന്തിൽ ജയിക്കാൻ പത്ത് റൺസ് വേണമെന്നിരിക്കെ, എങ്ങനെ പന്തെറിയണമെന്നതിനെ കുറിച്ച് താരത്തിന് ധാരണയുണ്ടാകും? മോഹിത്തിന്‍റെ അതുവരെയുള്ള പന്തുകളിൽ റൺസ് വഴങ്ങിയിരുന്നെങ്കിൽ, താരത്തിന്‍റെ അടുത്തുപോയി സംസാരിക്കാമായിരുന്നു. പക്ഷേ, ബൗളർ ജോലി ഭംഗിയായി ചെയ്യുമ്പോൾ, പെട്ടെന്നുള്ള ഇടപെടൽ താരത്തെ അസ്വസ്ഥനാക്കി’’ -ക്രിക്ബസുമായുള്ള സംഭാഷണത്തിൽ സെവാഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.