ഗാർഹിക പീഡനം; ആസ്‌ട്രേലിയൻ മുൻ ക്രിക്കറ്റർ മൈക്കൽ സ്ലാറ്റർ അറസ്റ്റിൽ
text_fieldsസിഡ്നി: ആസ്ട്രേലിയയുടെ മുൻ താരവും ഐ.പി.എൽ കമേന്ററ്ററുമായ മൈക്കൽ സ്ലാറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായി. ബുധനാഴ്ച സിഡ്നിയിലെ വീട്ടിൽ വെച്ചാണ് 51കാരനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് സംഭവമെന്ന് ന്യൂസൗത്ത് വെയ്ൽസ് പൊലീസ് പറഞ്ഞു. എന്നാൽ അവർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. സ്ലാറ്ററിനെതിരെ ഇതുവരെ കുറ്റംചുമത്തിയിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. വിഷയത്തിൽ സ്ലാറ്റർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
1993 മുതൽ 2001 വരെയാണ് സ്ലാറ്റർ ആസ്‌ട്രേലിയൻ ടീമിൽ കളിച്ചത്. 74 ടെസ്റ്റുകളിൽ നിന്നും 42 ഏകദിനങ്ങളിൽ നിന്നുമായി യഥാക്രമം 5312, 987 റൺസ് സ്കോർ ചെയ്തിരുന്നു. മൂന്ന് കുട്ടികളുടെ പിതാവാണ്.
രണ്ടാം കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനെതിരെ രൂക്ഷവിമർശനമുയർത്തി സ്ലാറ്റർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യയിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി കടുത്ത ശിക്ഷകൾ പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു സ്ലാറ്ററിന്‍റെ വിമർശനം.
ഇന്ത്യയിൽ വന്ന് തെരുവിലെ മൃതദേഹങ്ങൾ കാണൂ എന്നായിരുന്നു താരം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഐ.പി.എല്ലിനെത്തിയ ഓസീസ് താരങ്ങളും സപോർടിങ് സ്റ്റാഫുകളും ആസ്ട്രേലിയയുടെ യാത്രാവിലക്കിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയിരുന്നു. പിന്നീട് മാലദ്വീപ് വഴിയാണ് പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.