ബി.ജെ.പിയിൽ ചേർന്ന അശോക് ദിൻഡക്കും കിട്ടി ടിക്കറ്റ്; മോയ്നയിൽ നിന്ന് ജനവിധി തേടും
text_fieldsകൊൽക്കത്ത: കഴിഞ്ഞ മാസം പാർട്ടിയിൽ ചേർന്ന മുൻ ക്രിക്കറ്റർ അശോക് ദിൻഡ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാകും. ബംഗാളിലെ പുർബ മദിനിപൂർ ജില്ലയിലെ മോയ്ന മണ്ഡലത്തിൽ നിന്നാണ് ദിൻഡ ജനവിധി തേടുക.
കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് അർജുൻ സിങ്ങിന്‍റെയും സാന്നിധ്യത്തിലായിരുന്നു ദിൻഡ പാർട്ടിയിൽ ചേർന്നത്. ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
സമീപകാലത്ത് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച താരം 13 ഏകദിനങ്ങളിലും ഒമ്പത് ട്വന്‍റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്. യഥാക്രമം 12, 17 വിക്കറ്റുകളാണ് സമ്പാദ്യം.
ദിൻഡ ബി.ജെ.പിയിൽ ചേർന്ന അതേദിവസം തന്നെ സഹതാരമായിരുന്ന മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു.
2016ൽ കോൺഗ്രസിലെ മണിക് ഭൗമികിനെ 12000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്‍റെ സംക്രംകുമാർ ദോലയാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ഭരണകക്ഷിയായ തൃണമൂൽ സംക്രംകുമാറിനെ തന്നെയാണ് സ്ഥാനാർഥിയായി നിർത്തുന്നത്.
ബംഗാളിൽ എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് മാർച്ച് 27നാണ്. ശനിയാഴ്ചയാണ് ബി.ജെ.പി 57 സ്ഥാനാർഥികളുടെ പട്ടിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.