അവസാന പന്ത് കൈമാറേണ്ടിയിരുന്നോ? സഞ്ജു ചെയ്തതുതന്നെ ശരിയെന്ന് ബ്രയൻ ലാറ
text_fieldsമുംബൈ: ടീം തോൽവിയിലേക്ക് വീണ അവസാന പന്തിൽ ബാറ്റു ചെയ്തിരുന്നത് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് ആയിരുന്നുവെങ്കിൽ നാലു റൺസ് എന്ന ലക്ഷ്യം രാജസ്ഥാൻ റോയൽസ് പിടിക്കുമായിരുന്നോ? മോറിസിന് സ്ട്രൈക് നൽകാതെ ബാറ്റു ചെയ്ത് സഞ്ജു ബൗണ്ടറിക്കരികെ ക്യാച്ച് നൽകി മടങ്ങിയ പഞ്ചാബ്- രാജസ്ഥാൻ കളിക്കു പിറകെയാണ് മലയാളി താരത്തെ പ്രതിയാക്കിയും വീരനായകനാക്കിയും ചർച്ച കൊഴുക്കുന്നത്.
സെഞ്ച്വറിയും കടന്ന് കുതിച്ച സഞ്ജു സാംസൺ നീട്ടിയടിച്ച 20ാം ഓവറിലെ അഞ്ചാം പന്തിൽ എളുപ്പം നേടാമായിരുന്ന ഒരു റൺസിനായി നോൺ സ്ട്രൈക്കിങ് എൻഡിൽനിന്ന് മോറിസ് ഓടിയെത്തിയിരുന്നു. പക്ഷേ, ആ റൺസ് വേണ്ടെന്നുപറഞ്ഞ് മോറിസിനെ മടക്കിയ സഞ്ജുവിന് മുന്നിൽ മറികടക്കാനുണ്ടായിരുന്നത് അഞ്ചു റൺസ് എന്ന വലിയ ലക്ഷ്യം. സിക്സർ മാത്രം പോംവഴിയെന്നറിഞ്ഞ് ആഞ്ഞു വീശിയത് പക്ഷേ, ബൗണ്ടറിക്കരികെ കാത്തുനിന്ന ഹൂഡയുടെ കൈകളിലെത്തുകയും ചെയ്തു. ഇതോടെ, ടീം നാലു റൺസിന് തോറ്റു.
അഞ്ചാം പന്തിൽ ഒരു റൺസ് പൂർത്തിയാക്കിയിരുന്നുവെങ്കിൽ ലക്ഷ്യം നാലു റൺസായി ചുരുങ്ങുമെന്ന് മാത്രമല്ല, മോറിസ് അത് എടുക്കുമായിരുന്നുവെന്നും വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്.
എന്നാൽ, അനാവശ്യ വിവാദത്തിൽ കഴമ്പില്ലെന്നും പറയുന്നു, ലോക ക്രിക്കറ്റിെല എക്കാലത്തെയും ഇതിഹാസങ്ങളിലൊന്നായ ബ്രയൻ ലാറ. നാലു പന്തിൽ രണ്ടു റൺസ് മാത്രം നേടിയ ക്രിസ് മോറിസിനെ പരീക്ഷണത്തിന് വിടാതെ 119 റൺസ് എടുത്തുനിൽക്കുന്ന സഞ്ജു തന്നെ തുടർന്നതാണ് ശരിയെന്ന് ലാറ പറഞ്ഞു. ''അതായിരുന്നു ശരിയായ തീരുമാനം എന്നു തോന്നുന്നു. ആരായാലും ബൗണ്ടറി നേടണമെന്നായിരുന്നുവെങ്കിൽ അതിന് ഏറ്റവും യോഗ്യൻ സഞ്ജുവായിരുന്നു. അദ്ദേഹം രണ്ടാം റണ്ണിന് ഓടിയാൽ റണ്ണൗട്ടാകാൻ സാധ്യത ഏറെയായിരുന്നു. അദ്ദേഹം ചെയ്തതു തന്നെ ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു. മനോഹരമായ ഇന്നിങ്സ്. ആ സിംഗിൾ എടുക്കാത്തതിന് ഒരിക്കലും സഞ്ജുവിനു നേരെ ഞാൻ വിരൽ ചൂണ്ടില്ല''- ലാറ പറയുന്നു. മറ്റു മുൻനിര താരങ്ങളും സഞ്ജുവിന് പിന്തുണയുമായി എത്തിയിരുന്നു.
കളി തോറ്റെങ്കിലും സാംസണായിരുന്നു മാൻ ഓഫ് ദി മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.