‘അതെങ്ങനെ ഔട്ടാകും’; രോഹിത് ശർമയുടെ പുറത്താകലിൽ ഡി.ആർ.എസിനെ പഴിച്ച് മുൻ താരങ്ങൾ
text_fieldsഇത്തവണത്തെ ഐ.പി.എല്ലില്‍ മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് സമൂഹ മാധ്യമങ്ങളിൽ ട്രോൾ വർഷമാണ്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സംപൂജ്യനായിരുന്ന ഹിറ്റ്മാൻ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു എടുത്തത്. എന്നാൽ, താരത്തെ ഇന്നലെ പുറത്താക്കിയ രീതിയെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ ക്രിക്കറ്റർമാർ.
ആർ.സി.ബി സ്പിന്നർ വനിന്ദു ഹസരംഗയായിരുന്നു രോഹിതിനെ എൽബിഡബ്ല്യുവിൽ കുടുക്കി പുറത്താക്കിയത്. ആദ്യം അമ്പയർ നോട്ടൗട്ട് വിധിച്ചെങ്കിലും ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി റിവ്യൂ എടുത്ത് ഔട്ട് നേടിയെടുക്കുകയായിരുന്നു. മുൻതാരങ്ങളായ യുവരാജ് സിങ്, മുഹമ്മദ് കൈഫ്, മുനാഫ് പട്ടേൽ, തുടങ്ങിയവർ രോഹിത് ശർമയുടെ പുറത്താവലിനെ ശക്തമായി വിമർശിച്ചു.
"ഹലോ ഡി.ആർ.എസ്, ഇത് കുറച്ച് കൂടിപ്പോയെന്ന് തോന്നുന്നില്ലേ? ഇത് എങ്ങനെ എൽ.ബി.ഡബ്ല്യു ആകും?" - മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. “പരിഹാസ്യം തന്നെ,” യുവരാജ് സിംഗ് കൈഫിന്റെ ട്വീറ്റിന് മറുപടിയായി കുറിച്ചു. പുറത്താകലിനെ "നിർഭാഗ്യകരം" എന്ന് വിളിച്ച മുനാഫ് പട്ടേൽ പറഞ്ഞു, "ഡി.ആർ.എസിനും ഇപ്പോൾ ഡി.ആർ.എസ് ആവശ്യമാണ്" എന്ന് പരിഹാസ്യ രൂപേണ കുറിച്ചു"
അതേസമയം, ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രോഹിത് തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്‌സുകളില്‍ രണ്ടക്കം കടക്കാതെ പുറത്താവുന്നത്. 2(8), 3(5), 0(3), 0(3), 7(8) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ രോഹിതിന്റെ പ്രകടനം.
2017ലെ സീസണില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്സുകളില്‍(3, 2, 4, 0) ഒറ്റ അക്കത്തില്‍ പുറത്തായതാണ് രോഹിത്തിന്റെ ഇതിന് മുമ്പത്തെ ഏറ്റവും മോശം പ്രകടനം. ക്യാപ്റ്റന്‍ നിരാശപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ മൂന്നാമതെത്താനും മുംബൈക്ക് സാധിച്ചു. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് മുംബൈക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.