‘എല്ലാം തികഞ്ഞ ഫാസ്റ്റ് ബൗളർ’; ബുംറയെ പാക് ഇതിഹാസത്തോട് ഉപമിച്ച് മുൻ ഇന്ത്യൻ പേസർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബൗളിങ്ങിന്‍റെ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ മുൻ പാകിസ്താൻ ഇതിഹാസം വസീം അക്രമിനോട് താരതമ്യം ചെയ്ത് മുൻ ക്രിക്കറ്റർ ലക്ഷ്മിപതി ബാലാജി. വസീമിനുശേഷം ഏഷ്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസറാണ് ബുംറയെന്നും ബാലാജി പറഞ്ഞു. ട്വന്‍റി20 ലോകകപ്പിൽ തകർപ്പൻ ഫോമിൽ പന്തെറിയുന്ന ബുംറ, ആദ്യ രണ്ടു മത്സരങ്ങളിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വസീം അക്രം-ബുംറ എന്നിവർക്കിടയിലെ സാമ്യവും താരം എടുത്തു പറയുന്നുണ്ട്.
ഇരുവരുടെയും ബൗളിങ്ങിലെ കൃത്യതയും യോർക്കറും പേസും ആംഗ്ൾ മാറ്റുന്നതിലെ മികവും തമ്മിൽ സമാനതകൾ ഏറെയാണെന്നാണ് താരത്തിന്‍റെ അഭിപ്രായം. ശസ്ത്രക്രിയക്കു പിന്നാലെ മത്സരത്തിലേക്ക് ഗംഭീരമായി തിരിച്ചെത്തിയതിനും ബുംറയെ ബാലാജി പ്രശംസിച്ചു. ‘സ്ത്രം ഒരുപാട് പുരോഗതി കൈവരിച്ചിരിക്കുന്നു, സാങ്കേതിക വിദ്യകൾ വളരെയധികം മുന്നോട്ടുപോയി. പക്ഷേ, ശസ്ത്രക്രിയക്കു പിന്നാലെ ആറുമാസം കൊണ്ട് മൈതാനത്തേക്ക് തിരിച്ചെത്തിയ ബുംറ അദ്ഭുതം തന്നെയാണ്’ -ബാലാജി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
ശസ്ത്രക്രിയക്കുശേഷമുള്ള ബുംറ കൂടുതൽ അപകടകാരിയായി മാറിയെന്നും താരം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയക്കുശേഷം മടങ്ങിയെത്തുന്ന ബൗളർമാർക്ക് പേസും അത്മവിശാസവും നഷ്ടപ്പെടും. എന്നാൽ, ബുംറ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തത്. ക്രിക്കറ്റിൽ നിലവിൽ എല്ലാം തികഞ്ഞ ഫാസ്റ്റ് ബൗളറായാണ് ബുംറയെ ബാലാജി വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.