ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന് കോവിഡ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ വിവരം പങ്കുവെച്ച താരം കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്നാവശ്യപ്പെട്ടു. ഈ മാസം 21 ന് ലെജന്‍റ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ ഒമാനിലെ മസ്ക്റ്റിലേക്ക് പോകാനിരിക്കെയാണ് താരത്തിന് കോവിഡ് ബാധിച്ചത്.
'എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കം പുലർത്തിയവർ ദയവായി പരിശോധനയ്ക്ക് വിധേയരാകണം. എല്ലാരും സുരക്ഷിതരായിരിക്കൂ'- ഹർഭജൻ ട്വിറ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് 23 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിന് ഹര്‍ഭജന്‍ അന്ത്യം കുറിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള താരം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളാണ്. ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്‍റി20 മത്സരങ്ങളും ഭാജി കളിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പും 2007 ട്വന്‍റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.
വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.