ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) കമീഷണറായിരുന്ന ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാറിന്റെ വെളിപ്പെടുത്തൽ. ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ ഡൽഹി ഡെയർ ഡെവിള്‍സിനായി കളിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും ഇക്കാര്യം ലളിത് മോദിയോട് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും മറ്റു വഴികളില്ലാതെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ചേര്‍ന്നതെന്നും പ്രവീൺ കുമാർ ഒരു ചർച്ചാ പരിപാടിയിൽ വ്യക്തമാക്കി.
‘എനിക്ക് ആർ.സി.ബിയിൽ കളിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. കാരണം എന്റെ നാട്ടിൽനിന്ന് വളരെ അകലെയായിരുന്നു ബാംഗ്ലൂർ. എനിക്ക് ഇംഗ്ലീഷ് അറിയില്ല. അവിടത്തെ ഭക്ഷണങ്ങളും എനിക്ക് ഇഷ്ടപ്പെടുന്നതല്ല. എന്റെ നാടായ മീററ്റിന് സമീപമാണ് ഡൽഹി. അത് വീട്ടിലേക്ക് എത്താനും എനിക്ക് സഹായകമായിരുന്നു. എന്നാൽ, ഒരാൾ എന്നെ ഒരു പേപ്പറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചു. അത് കരാറാണെന്ന് എനിക്കറിയില്ലായിരുന്നു. ബാംഗ്ലൂരിന് വേണ്ടിയല്ല ഡൽഹിക്ക് വേണ്ടിയാണ് കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ അയാളോട് പറഞ്ഞു. ഇതോടെ ലളിത് മോദി എന്നെ വിളിച്ച് എന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി’ –എന്നിങ്ങനെയായിരുന്നു പ്രവീൺ കുമാറിന്റെ വെളിപ്പെടുത്തൽ.
ഐ.പി.എല്ലിൽ ഒരു സീസൺ മാത്രം കളിച്ച കേരള ടീമായ കൊച്ചി ടസ്കേഴ്സ് രൂപവത്കരിക്കുന്നത് തടയാൻ ഐ.പി.എൽ കമീഷണറായിരുന്ന ലളിത് മോദി പരമാവധി ശ്രമിച്ചതായി നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. എഴുത്തുകാരനും കായിക മാധ്യമപ്രവർത്തകനുമായ ബോറിയ മജുംദാർ രചിച്ച 'മാവെറിക്ക് കമീഷണർ: ദി ഐ.പി.എൽ ലളിത് മോദി സാഗ' എന്ന പുസ്തകത്തിലായിരുന്നു ഗുരുതര വെളിപ്പെടുത്തലുകൾ. അന്നത്തെ ബി.സി.സി.ഐ ചെയർമാൻ ശശാങ്ക് മനോഹർ അർധരാത്രി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ലളിത് മോദി വഴങ്ങിയതെന്നും പുസ്തകത്തിലുണ്ടായിരുന്നു.
2010 ഐ.പി.എൽ സീസണോടെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്കലംഘനവുമടക്കം കുറ്റങ്ങൾ ചുമത്തി ബി.സി.സി.ഐയിൽനിന്ന് ലളിത് മോദിയെ സസ്പെൻഡ് ചെയ്തിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ 2013 മുതൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ഐ.പി.എൽ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെ തുടർന്ന് 2010ൽ രാജ്യംവിട്ട ലളിത് മോദി ഇപ്പോൾ ഇംഗ്ലണ്ടിലാണ് കഴിയുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയിലെ അന്വേഷണങ്ങള്‍ക്കിടയിലാണ് ലളിത് മോദി ഇന്ത്യ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.