ഇന്ത്യയുടെ മുൻ പേസർ ഡേവിഡ് ജോൺസൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ
text_fieldsബംഗളൂരു: മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഡേവിഡ് ജൂഡ് ജോൺസണെ (52) ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊത്തനൂരിലെ കനകശ്രീ ലേഔട്ടിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറച്ചുകാലമായി അദ്ദേഹത്തെ അസുഖങ്ങൾ അലട്ടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
1996ൽ ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഡേവിഡ് ജോൺസൺ വേഗമേറിയ പന്തുകൾകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഡേവിഡിനെ ദേശീയ കുപ്പായത്തിലെത്തിച്ചത്. 1995-96 രഞ്ജി ട്രോഫി സീസണിൽ കേരളത്തിനെതിരെ 152 റൺസിന് 10 വിക്കറ്റെടുത്തതാണ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ്. 1996ൽ ഫിറോസ്ഷാ കോട്‍ല മൈതാനത്ത് ആസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ ജവഗൽ ശ്രീനാഥിന് പകരമായായിരുന്നു വരവ്. ഈ ടെസ്റ്റിൽ മൈക്കൽ സ്ലേറ്ററെ പുറത്താക്കിയ ജോൺസണിന്റെ പന്ത് ആരാധകർക്ക് മറക്കാനാവില്ല. കുതിച്ചുപാഞ്ഞ പന്ത് മൈക്കൽ സ്ലേറ്ററിന്റെ ബാറ്റിലുരസി സ്ലിപ്പിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ ക്യാച്ചിലമർന്നു.
തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടൂറിൽ ടീമിനൊപ്പം ചേർന്ന ഡേവിഡ് ജോൺസൺ ഒരു ടെസ്റ്റിൽ കളത്തിലിറങ്ങി. മുൻനിര ബാറ്റർമാരായ ഹെർഷൽ ഗിബ്സിന്റെയും മക്മില്ലന്റെയും വിക്കറ്റെടുത്തു. എന്നാൽ, ഫോം നിലനിർത്താനാകാതെ ഉന്നതിയിൽനിന്ന് അതിവേഗം തിരിച്ചിറങ്ങിയ കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ച്വറിയടക്കം 437 റൺസും 125 വിക്കറ്റും നേടി.
കർണാടക പ്രീമിയർ ലീഗിൽ ബെളഗാവി പാന്തേഴ്സിനായി 2015ലാണ് അവസാന മത്സരം കളിച്ചത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് ഡേവിഡ് ജോൺസണിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.