സഞ്ജുവിനെപ്പോലുള്ളവർ ഉള്ളപ്പോൾ ആ കളിക്കാരനെ എന്തിന് ടീമിലെടുത്തു; ബി.സി.സി.ഐയെ ചോദ്യം ചെയ്ത് വെങ്കിടേഷ് പ്രസാദ്
text_fieldsസഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളുള്ളപ്പോൾ ശ്രേയസ് അയ്യരെ ടി-20 ടീമിലേക്ക് തെരഞ്ഞെടുത്ത ബി.സി.സി.ഐയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്.മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ ഉണ്ടെന്നിരിക്കെ ശ്രേയസ് അയ്യരെ എന്തിനാണ് ഈ വിധം പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിനുപകരം ടീമിന്റെ ബാലൻസ് നിലനിർത്തുന്ന തീരുമാനമായിരുന്നു വേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയ്യര്‍ സ്‌കോര്‍ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ബ്രയാന്‍ ലാറ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 190 റണ്‍സെടുത്തപ്പോള്‍ ഒറ്റ റണ്‍ പോലുമെടുക്കാതെയാണ് അയ്യര്‍ പുറത്തായത്. അഞ്ചാം ഓവറില്‍ ഓപ്പണര്‍ സൂര്യകുമാര്‍ യാദവിനെ അകീല്‍ ഹൊസൈന്‍ മടക്കിയപ്പോള്‍ വണ്‍ ഡൗണായിട്ടായിരുന്നു അയ്യര്‍ ക്രീസിലെത്തിയത്. നാല് പന്ത് നേരിട്ട് അയ്യര്‍ ഒറ്റ റണ്‍ പോലും സ്‌കോര്‍ ചെയ്യാതെ കരീബിയന്‍ പേസര്‍ ഒബെഡ് മക്കോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ ടീം മികച്ച സ്‌ക്വാഡിനെ തന്നെ കണ്ടെത്തണമെന്നും അതില്‍ ഒരു വീഴ്ച്ചയും വരാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. 'വരാനിരിക്കുന്ന ടി-20 ലോകകപ്പ് മനസില്‍ വെച്ചുകൊണ്ടായിരിക്കണം സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കേണ്ടത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ എന്നിവര്‍ ടീമിലുണ്ടായിരിക്കുമ്പോള്‍ ടി-20 ഫോര്‍മാറ്റില്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിചിത്രമാണ്. വിരാടിനും രോഹിത്തിനും രാഹുലിനും തുടക്കക്കാര്‍ക്കൊപ്പം ശരിയായ ബാലന്‍സ് നേടുന്നതിനായിരുന്നു മുൻതൂക്കം നൽകേണ്ടിയിരുന്നത്'-വെങ്കിടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
അയ്യർ നേരത്തേ ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ നിർഭാഗ്യം കാരണമാണ് റൺസെടുക്കാത്തതെന്നും പ്രസാദിന് മറുപടിയായി ഒരു ആരാധകൻ കുറിച്ചു. 50 ഓവർ ക്രിക്കറ്റിൽ അദ്ദേഹം മികച്ചവനാണെന്നും ടി-ട്വന്റി ക്രിക്കറ്റിൽ മികച്ച കളിക്കാർ ഇപ്പോൾ ഉണ്ടെന്നുമായിതുന്നു വെങ്കിടേഷ് പ്രസാദിന്റെ ഇതിനുള്ള മറുപടി.
ആദ്യ ടി-ട്വന്റിയിൽ അയ്യരെ ഉൾപ്പെടുത്തിയതിനെ മുൻ ഇന്ത്യൻ ബാറ്ററും സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്തും ചോദ്യം ചെയ്തിരുന്നു. അയ്യർക്ക് പകരം ഓൾറൗണ്ടർ ദീപക് ഹൂഡ മൂന്നാം നമ്പറിൽ വരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.