കോഹ്‌ലിയെ അനായാസം പുറത്താക്കാം; മികച്ച ബാറ്റർ ബാബർ അസമെന്നും മുൻ പാക് പേസർ
text_fieldsക്രിക്കറ്റ് ലോകം ആവേശത്തോടെ താരതമ്യം ചെയ്യുന്ന രണ്ടു സൂപ്പർതാരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്‌ലിയും പാകിസ്താൻ നായകൻ ബാബർ അസമും. ഇവരിൽ ആരാണ് കേമൻ എന്ന ചർച്ചകൾ ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് നടക്കുന്നുണ്ട്.
ഏകദിന ക്രിക്കറ്റിൽ ഒന്നാം നമ്പർ ബാറ്ററാണ് നിലവിൽ ബാബർ അസം. ഈ വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ പാകിസ്താന്‍റെ പ്രതീക്ഷകൾ ഈ സൂപ്പർതാരത്തിലാണ്. മറുവശത്ത്, കോഹ്‌ലി അസാധാരണമായ ബാറ്റിങ് കഴിവുകൾ കൊണ്ട് ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച താരമാണ്. എന്നാൽ കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ എളുപ്പമാണെന്ന അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താൻ മുൻ പേസർ റാണ നവേദുൽ ഹസൻ.
ബാറ്റിങ്ങിൽ കോഹ്‌ലിയേക്കാൾ സാങ്കേതിക മികവുള്ള ബാറ്റർ ബാബറാണെന്നും മുൻ പാക് താരം നാദിർ അലിയുടെ യൂട്യൂബ് ചാനലിൽ റാണ പറഞ്ഞു. ‘നമ്മൾ ബാബർ അസമിനേയും വിരാട് കോഹ്‌ലിയേയും താരതമ്യം ചെയ്യുകയാണെങ്കിൽ, സാങ്കേതികമായി മികച്ച ബാറ്റർ ബാബറാണെന്ന് പറയും. അപൂർവമായി മാത്രമാണ് അദ്ദേഹത്തിന് സാങ്കേതിക പിഴവ് വരാറുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി കോഹ്‌ലിക്ക് ഫോം നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം താഴെ തട്ടിലുള്ള ഒരു കളിക്കാരനാണ്, ഈ കളിക്കാർ പരാജയപ്പെട്ടാൽ ഫോമിലേക്ക് മടങ്ങിയെത്താൻ കൂടുതൽ സമയമെടുക്കും’ -റാണ പറയുന്നു.
പഴയ ഫോമിൽ ആയിരുന്നെങ്കിൽ ബാബറിനേക്കാൾ എളുപ്പത്തിൽ കോഹ്‌ലിയെ പുറത്താക്കാൻ കഴിയുമായിരുന്നെന്നും റാണ കൂട്ടിച്ചേർത്തു. ‘ഞാൻ എന്റെ പഴയ ഫോമിലായിരുന്നെങ്കിൽ, എനിക്ക് കോഹ്‌ലിയെ എളുപ്പത്തിൽ പുറത്താക്കാനാകും. ഞാൻ നന്നായി ഔട്ട്സ്വിങ് ബോളുകൾ എറിയുമായിരുന്നു. കോഹ്‌ലിയെ സ്ലിപ്പിലോ വിക്കറ്റ് കീപ്പറുടെ കൈകളിലോ എളുപ്പത്തിൽ എത്തിക്കാനാവും’ -റാണ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.